Yogi Adityanath Cabinet waives off loans worth Rs 36,359 crore of 2.15 crore farmers

ലക്‌നൗ: വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും ആക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഠിക്കാന്‍ യുപിയില്‍ നിന്നൊരു നല്ല പാഠം.

തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബിജെപി ജനങ്ങള്‍ക്ക് മുന്‍പാകെ വച്ച കാര്‍ഷിക വായ്പ എഴുതിതള്ളല്‍ നടക്കാത്ത കാര്യമാണെന്ന് വിചാരിച്ചവരെയാകെ ഞെട്ടിച്ച് കൊണ്ട് മുഴുവന്‍ കര്‍ഷകരുടെയും വായ്പകള്‍ എഴുതി തളളിയിരിക്കുകയാണ് ‘സന്യാസി’ മുഖ്യമന്ത്രി.

ഒരു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുക എന്നു പറഞ്ഞാല്‍ അത് മൊത്തത്തില്‍ 36,359 കോടി രൂപ വരും.

രണ്ടു കോടി 15 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ചുരുക്കി പറഞ്ഞാല്‍ യുപി യുടെ പരിസരത്തേക്ക് ഇനി മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോയിട്ട് കാര്യമില്ലന്ന അവസ്ഥ.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ‘മിനി’ ഇന്ത്യ എന്നറിയപ്പെടുന്ന യുപി തൂത്ത് വരാന്‍ തന്നെ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപിയും അതിന്റെ സാരഥി യോഗി ആദിത്യനാഥും.

ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ ആണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കും. യുപിയില് ആകെയുള്ള 2.30 കോടി കര്ഷകരില് 2.15 കോടിയും ചെറുകിട ദരിദ്ര വിഭാഗത്തില് പെടുന്നവരാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള് എഴുതിത്തള്ളുമെന്ന് യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു.

ആന്റി റോമിയോ സ്‌ക്വാര്‍ഡിന്റെ പ്രവര്‍ത്തനം സജീവമായി മുന്നോട്ടു പോവുകയാണെന്നും സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു. പുരുഷന്‍മാരെ ലക്ഷ്യമിടുകയെന്നതല്ല സ്‌ക്വാര്‍ഡിന്റെ ലക്ഷ്യം. പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചിരിക്കുന്ന യുവതീ-യുവാക്കളെ ബുദ്ധിമുട്ടിക്കരുതെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

അനധികൃത അറവുശാലകള്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും ഇതുവരെ 26 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ തകര്‍പ്പന്‍ തുടക്കത്തില്‍ ആവേശ തിമര്‍പ്പിലാണിപ്പോള്‍ യു പിയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

Top