കയ്യൊഴിഞ്ഞ് തടിരക്ഷിക്കാന്‍ യോഗിയും ! അജയ് മിശ്ര രാജിവയ്ക്കണമെന്ന് കേന്ദ്രത്തെ അറിയിച്ചു

ലക്‌നൗ: ലഖിംപൂര്‍ ഖേരി ആക്രമണ പശ്ചാത്തലത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രിയുടെ മകനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി അജയ് മിശ്രയുടെ രാജി സംബന്ധിച്ച നിലപാട് യോഗി ആദിത്യനാഥ് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

അതേസമയം, ഗണ്യമായ സിഖ് ജനസംഖ്യയുള്ള ലംഖിപൂരില്‍ കര്‍ഷക സമരത്തിനു വലിയ പിന്തുണയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഈ വിഷയത്തോടെ വന്‍കിടകര്‍ഷകരായ സിഖ് സമൂഹം ഒന്നടങ്കം ഇളകിയിരിക്കുകയാണ്. 2017 ലെ തിരഞ്ഞെടുപ്പില്‍ ലഖിംപുര്‍ ഖേരി ജില്ലയിലെ 8 സീറ്റുകളിലും ബിജെപിയാണു ജയിച്ചത്. വോട്ടു ശതമാനത്തിലും വലിയ വര്‍ധനയുണ്ടായിരുന്നു.

എന്നാല്‍, കര്‍ഷകരുടെ മരണത്തോടെ ബിജെപിക്ക് ഇനിയൊരു വിജയമെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അടുത്ത ജില്ലകളായ പിലിഭിത്ത്, ഷാജഹാന്‍പുര്‍, ഹര്‍ദോയി, സിതാപുര്‍, ബഹ്റൈച്ച് എന്നിവിടങ്ങളിലെ 42 നിയമസഭാ സീറ്റുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമോ എന്നും ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇതില്‍ 37 എണ്ണവും കഴിഞ്ഞ തവണ ബിജെപി ജയിച്ചതാണ്. ബ്രാഹ്‌മണര്‍, മുസ്ലിംകള്‍, കുര്‍മികള്‍ എന്നിവരാണു ജില്ലയില്‍ കൂടുതലുള്ളതെങ്കിലും കരിമ്പുകൃഷിയെ കൂടുതലായി ആശ്രയിക്കുന്ന ഇവിടെ കര്‍ഷകരുടെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട് താനും. ഈ സാഹചര്യത്തിലാണ് നിലപാടു കടുപ്പിച്ച് യോഗിയും രംഗത്തെത്തിയിരിക്കുന്നത്.

ലഖിംപൂര്‍ ഖേരി ആക്രമണം രാജ്യ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബിജെപി പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ വിഷയം ഏറ്റുപിടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ലഖിംപൂരും സീതാപൂരും സന്ദര്‍ശിക്കുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിലക്ക് ലംഘിച്ച് ലഖിംപൂര്‍ ഖേരിയിലെത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. സംഘം ചേരാതെ മൂന്ന് പേര്‍ മാത്രം പോയാല്‍ 144 ന്റെ ലംഘനമാകില്ല. കര്‍ഷകര്‍ക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയെ തടയുമെന്ന് ലഖ്നൗ പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

Top