സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ താലിബാനെ പിന്തുണക്കുന്നവര്‍; ശക്തമായ നടപടിയുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ചില സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ താലിബാനെ പിന്തുണക്കുന്നവരാണെന്നാണ് യോഗി ആദിത്യനാഥിന്റെ ആരോപണം. യു.പിയിലെ സംബലില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് യോഗി ഇത്തരത്തില്‍ സംസാരിച്ചത്.

സംബല്‍ നഗരത്തിന് വളരെ ചരിത്ര പാരമ്പര്യമുണ്ട്, പക്ഷേ ഇവിടെ ചിലര്‍ താലിബാനെ പിന്തുണക്കുന്നു എന്നതില്‍ സങ്കടമുണ്ട്, സമാജ് വാദി പാര്‍ട്ടി സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവും പിന്നോക്ക വിരുദ്ധവും ഹിന്ദുവിരുദ്ധവും ശിശു വിരുദ്ധവുമാണ്. താലിബാന്‍ ചെയ്യുന്ന ക്രൂരതകള്‍ എല്ലാവര്‍ക്കുമറിയാം. പക്ഷേ ചില സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ അവരെ ഒരു നാണവുമില്ലാതെ പിന്തുണക്കുകയാണ്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും യോഗി പറഞ്ഞു.

2017ന് മുമ്പ് ഉത്തര്‍പ്രദേശ് സുരക്ഷിതമായിരുന്നില്ല. കാളവണ്ടികള്‍ വരെ ഇവിടെ കാണാതാകുമായിരുന്നു. പക്ഷേ നമ്മള്‍ അധികാരത്തിലെത്തിയതോടെ കശാപ്പുശാലകള്‍ അടച്ചുപൂട്ടുകയും സമാജ്‌വാദി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്‍േറയും കച്ചവടം അവസാനിപ്പിക്കുകയും ചെയ്തവെന്നും യോഗി അവകാശപ്പെട്ടു.

Top