ഗോരഖ്പൂരിലെ ശിശുമരണം; ആശുപത്രിയിലെ ആഭ്യന്തര രാഷ്ട്രീയമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലെ ശിശുമരണത്തില്‍ വിശദീകരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അറുപത് ശിശുക്കള്‍ മരണമടഞ്ഞതിനു കാരണം ആശുപത്രിയിലെ ആഭ്യന്തര രാഷ്ട്രീയമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ഓക്‌സിജന്റെ കുറവല്ല ദുരന്തത്തിനു കാരണമായതെന്നും ആശുപത്രിയിലെ ശിശുമരണം യാഥാര്‍ഥ്യത്തേക്കാള്‍ പെരുപ്പിക്കുകയായിരുന്നെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. സംഭവം നടന്ന ഒരു വര്‍ഷത്തിനുശേഷമാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

സംഭവം നടന്നപ്പോള്‍തന്നെ ഞാന്‍ ആരോഗ്യ ഡയറക്ടര്‍, ആരോഗ്യ മന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ സ്ഥലത്ത് എത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും, അടുത്ത ദിവസം, ഞാന്‍ അവിടെ പോയപ്പോള്‍ അവിടെ ഓക്‌സിജന്റെ ക്ഷാമം ഇല്ലെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ കുറവാണെങ്കില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന കുട്ടികളായിരുന്നു ആദ്യം മരിക്കേണ്ടിയിരുന്നതെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറുപതു ശിശുക്കളായിരുന്നു മരണമടഞ്ഞത്.

ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചു.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ. കഫീല്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുു. ഒന്‍പത് പേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രതികളില്‍ കഫീല്‍ ഖാന്‍ ഉള്‍പ്പെടെ നാലുപേര്‍ ഡോക്ടര്‍മാരാണ്.

Top