യോഗിയ്ക്കും മായാവതിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിയത്യനാഥിനും ബിഎസ്പി നേതാവ് മായാവതിയ്ക്കും വിലക്ക്. യോഗിയ്ക്ക് മൂന്ന് ദിവസത്തേയ്ക്കും മായാവതിയ്ക്ക് രണ്ട് ദിവസത്തേയ്ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിലോ റാലിയിലോ ഇരുവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് നടപടി. ഇന്ന് രാവിലെ സുപ്രീം കോടതി ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാത്തത് ചോദ്യം ചെയ്തിരുന്നു. സ്വന്തം അധികാരത്തെക്കുറിച്ച് കമ്മീഷന് ബോധമില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

എന്നാല്‍ പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നോട്ടീസ് അയക്കാനും പരാതിപ്പെടാനും മാത്രമെ തങ്ങള്‍ക്ക് അധികാരമുള്ളുവെന്നും അവരെ അയോഗ്യരാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് നാളെ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിനാണ് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top