ഭരണരംഗത്ത് യാതൊരു പരിചയവുമില്ലാത്ത യോഗിയെ മുഖ്യമന്ത്രിയാക്കിയതിന് കാരണം

ലക്‌നൗ: ഭരണരംഗത്ത് യാതൊരു മുന്‍ പരിചയവുമില്ലാത്ത യോഗി ആദിത്യനാഥിനെ എന്തുകൊണ്ട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കി എന്ന ചോദ്യത്തിന് വിശദീകരണവുമായി കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ.

നിയമസഭ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം ഉത്തര്‍പ്രദേശ് പോലൊരു വലിയ സംസ്ഥാനത്ത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ല. നിരവധി ആളുകള്‍ എന്നെ വിളിച്ചു. ഒരു മുനിസിപ്പാലിറ്റി പോലും ഭരിച്ചിട്ടില്ലാത്ത ഒരാളെ എന്തുകൊണ്ടാണ് ഇത്രയും വലിയതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ സംസ്ഥാനത്തിന്റെ ഭരണമേല്‍പ്പിക്കുന്നതെന്ന് ചോദിച്ചു. എന്നാല്‍, എന്റെയും മോദിയുടെയും തീരുമാനം മറ്റൊന്നായിരുന്നു- അമിത് ഷാ പറഞ്ഞു.

യോഗി ആദിത്യനാഥ് കര്‍മ്മനിരതനായിരുന്നു. ഭരണപരിചയക്കുറവിനെ അദ്ദേഹം സ്ഥിരോത്സാഹവും ജോലി ചെയ്യാനുള്ള താല്‍പര്യവും ധാര്‍മികതയും കൊണ്ട് മറികടക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.

2017ലാണ് വന്‍ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, വിജയത്തിന് ശേഷം മുന്‍നിര നേതാക്കന്മാരെയെല്ലാം ഒഴിവാക്കി ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റെ തലവനും എംപിയുമായിരുന്ന യോഗി ആദിത്യനാഥിനാണ് നറുക്ക് വീണത്.

Top