രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പേര് രാഹുല്‍ വിഞ്ചി; കള്ളപ്പേരില്‍ ജനങ്ങളെ പറ്റിച്ചു: യോഗി

കാണ്‍പൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധിയെ അറിയപ്പെടുന്നത് രാഹുല്‍ വിഞ്ചിയെന്നാണെന്നും, ഇത്രയും കാലം രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും യോഗി പറഞ്ഞു. ഖട്ടംപുരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് യോഗി ആരോപണം ഉന്നയിച്ചത്.

രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥമല്ല. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ വിഞ്ചിയെന്നാണ്. ധൈര്യമുണ്ടെങ്കില്‍ രാഹുലും പ്രിയങ്കയും അവരുടെ പേര് ജനങ്ങളോട് പറയണമെന്നും യോഗി വെല്ലുവിളിച്ചു. അമേഠിയില്‍ കോണ്‍ഗ്രസ് ക്ഷേത്രങ്ങളാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ കേരളത്തില്‍ മുസ്ലീം പള്ളികളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നത്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും യോഗി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരിക്കല്‍ പറഞ്ഞിരുന്നു മുസ്ലീംങ്ങള്‍ക്ക് രാജ്യത്ത് അവകാശങ്ങളുണ്ടെന്ന്. അങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ അവകാശങ്ങള്‍ക്കായി എവിടെ പോകണമെന്നും യോഗി ചോദിച്ചു.

രാജ്യം മുഴുവനും മോദി വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. മോദി വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാണ് ശ്രമക്കുന്നതെന്നും യോഗി കുറ്റപ്പെടുത്തി.

Top