ഫത്വകള്‍ക്കല്ല ഭരണഘടനയ്ക്കനുസരിച്ചാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് യോഗി ആദിത്യനാഥ്

ഗോരഖ്പൂര്‍: മുസ്ലിം പുരോഹിതര്‍ പുറത്തിറക്കുന്ന ഫത്വകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീംറാവു അംബേദ്കറിനെപ്പോലുള്ളവര്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയ്ക്കനുസരിച്ചാണ് രാജ്യം മുന്നോട്ടു പോകുന്നത്, മറിച്ച് ഫത്വകളെ പിന്തുടര്‍ന്നു കൊണ്ടല്ല എന്നാണ് ആദിത്യനാഥിന്റെ പ്രസ്താവന.

മതം സുരക്ഷിതമായിരിക്കുമ്പോള്‍ രാജ്യവും സുരക്ഷിതമായിരിക്കും. ജനങ്ങള്‍ക്കു മുന്നിലുള്ള എല്ലാ പ്രതിസന്ധികളും ഭരണഘടനയില്‍ അധിഷ്ഠിതമായി പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്യാസികള്‍ രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ജനങ്ങള്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. അതു ശ്രദ്ധിക്കാന്‍ പോയിരുന്നെങ്കില്‍ ഗോരഖ്പൂരില്‍ ഇത്രയേറെ വികസനം കൊണ്ടുവരാന്‍ തനിക്കാകുമായിരുന്നില്ല.

സന്യാസികളും വിശുദ്ധരും തെളിച്ച വഴിയിലൂടെ നടന്നാണ് രാജ്യത്തിന് പുരോഗതിയും സമൃദ്ധിയുമുണ്ടായത്. ഇവിടെ വിഭാഗങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. എല്ലാ ജാതിമതസ്ഥരും ഒരേപോലെയാണ് പരിഗണിക്കപ്പെടുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

‘ഫത്വയുടെ രാഷ്ട്രീയം’ എതിര്‍ക്കപ്പെടണമെന്നും, അതിനായി ഹിന്ദു സന്യാസികളുടെ നേതൃത്വത്തില്‍ നവംബര്‍ ആദ്യവാരം ദല്‍ഹിയില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു.

Top