കേരളത്തിന്റെ ചരിത്രം അറിയില്ലെങ്കില്‍, യു.പി മുഖ്യന്‍ അതു പഠിച്ചിരിക്കണം

യു.പി മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ ഒരു പ്രസ്താവന ഇപ്പോള്‍ രാജ്യത്ത് തന്നെ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ‘ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് ” യോഗി ആദിത്യനാഥ് തുറന്നടിച്ചിരിക്കുന്നത്.

വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും യോഗി വ്യക്തമാക്കുകയുണ്ടായി. യു.പി മുഖ്യന്റെ ഈ പ്രതികരണത്തിന് കേരള മുഖ്യമന്ത്രി നല്‍കിയ മാസ് മറുപടിയും ഇതിനകം തന്നെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

‘യോഗിക്ക് ഭയമാണെന്നും യു.പി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുവാന്‍ കഴിയുമെന്നാണ് പിണറായി വിജയന്‍ ട്വിറ്ററിലൂടെ നല്‍കിയിരിക്കുന്ന മറുപടി. യു.പി ജനത അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ക്കു നേരെ കൂടി വിരല്‍ ചൂണ്ടിയാണ് പിണറായിയുടെ ഈ പ്രതികരണം.

‘മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒരു യോജിപ്പുള്ള സമൂഹമായി യു.പി മാറുമെന്നും അവിടുത്തെ ജനത ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി അഭിപ്രായപ്പെട്ടിട്ടുണ്ട്. രണ്ട് മുഖ്യമന്ത്രിമാരുടെയും ഈ പ്രതികരണങ്ങള്‍ യു.പിയിലെ പ്രാദേശിക മാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം വോട്ട് ധ്രുവീകരണം ലക്ഷ്യം വെച്ചാണ് കേരളത്തിനെതിരെ വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയതെന്നാണ് സി.പി.എമ്മും ആരോപിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിടുമെന്നു കണ്ടാണ് യോഗി പ്രകോപനത്തിനു ശ്രമിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ ആരോപണം.’യു.പി കേരളം പോലെ ആയാല്‍ ബിജെപിയുടെ തോല്‍വി ഉറപ്പാണെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരിക്കുന്നത്.

യോഗി ആദിത്യനാഥിന്റെ അഭിപ്രായ പ്രകടനത്തെ തള്ളിക്കളയുന്നു എന്നാണ് സമാജ് വാദി പാര്‍ട്ടിയും വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ പശ്ചിമ ബംഗാളുമായും കശ്മീരുമായും കേരളത്തെ താരതമ്യപ്പെടുത്തിയതു തന്നെ വലിയ തെറ്റാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത പ്രത്യേകതകള്‍ ഉള്ള സംസ്ഥാനമാണ് കേരളം.

ലോക ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഇ.എം.എസിന്റെ നേത്യത്വത്തിലുള്ള കമ്യൂണിസ്റ്റു സര്‍ക്കാര്‍ തുടക്കമിട്ട പരിഷ്‌ക്കാരമാണ് കേരളത്തില്‍ വിപ്ലവകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം തുടങ്ങി സമസ്ത മേഖലകളിലും രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം. വര്‍ഗ്ഗീയ കലാപങ്ങള്‍ ഈ മണ്ണില്‍ നടക്കാത്തതിനു പിന്നിലും ചുവപ്പ് മനസ്സുകള്‍ വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണ്. യു.പിയിലേക്കാള്‍ കൂടുതല്‍ ആര്‍.എസ്.എസ് ശാഖകള്‍ കേരളത്തില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു എം.എല്‍.എയോ എം.പി യോ പോലും ബി.ജെ.പിക്കു ലഭിക്കാതിരിക്കുന്നത് എന്നതും യോഗി ആദിത്യനാഥ് ചിന്തിക്കണം.

അദ്ദേഹം ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ച കേരളമാണ് മോദി സര്‍ക്കാറിനു കീഴിലുള്ള നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ ഇപ്പോഴും ഒന്നാമതായി തുടരുന്നത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം മുന്‍ നിര്‍ത്തിയാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. തമിഴ്‌നാടും തെലങ്കാനയും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോള്‍ ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് യോഗിയുടെ യു.പിയാണ്. കേരളത്തിനെതിരെ പ്രതികരിക്കുന്നതിനു മുന്‍പ് ഇക്കാര്യം കൂടി യു.പി മുഖ്യന്‍ ഓര്‍ക്കണമായിരുന്നു.

സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും ആരോഗ്യ മേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമാക്കിയാണ് നീതി ആയോഗ്, ആരോഗ്യ സൂചിക തയ്യാറാക്കി വരുന്നത്…. സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ തന്നെ മുന്‍പ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

‘ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഏറെ മുന്‍പന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്. കേരളത്തിന്റെ ഈ നേട്ടങ്ങള്‍ക്കു എല്ലാം മേല്‍ കണ്ണടച്ചാണ് രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി യു.പി മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഇത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ് . . .

EXPRESS KERALA VIEW

Top