യോഗാദിനം: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ഇന്ന് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുക. രാവിലെ 6.30 ന് നടക്കുന്ന യോഗദിന സ്‌പെഷ്യല്‍ പ്രോഗ്രാം പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

പരിപാടിയുടെ വിവരം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന ‘യോഗ സ്വാസ്ഥ്യത്തിന് ‘ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.

കേരളത്തില്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓണ്‍ലൈനായാണ് ഉദ്ഘാടനം നടക്കുക. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആയുര്‍വേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷണ്‍ ഡോ. പി.കെ വാര്യരെ ആദരിക്കും.

നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് സംസ്ഥാന ആയുഷ് വകുപ്പ് അദ്ദേഹത്തെ ആദരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് പരിപാടിയുടെ ഉദ്ഘാടനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി നടക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ‘വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ സന്ദേശം.

Top