Yogeshwar Dutt wants Besik’s family to keep silver medal, says humanity above everything

ന്യൂഡല്‍ഹി: റഷ്യന്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലഭിച്ച ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ നിരസിച്ച് ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്.

ആ വെള്ളി മെഡല്‍ റഷ്യന്‍ താരം ബെസിക് കുത്‌കോവിന്റെ കുടുംബം തന്നെ കൈവശം വെച്ചാല്‍ മതിയെന്ന് 2012ല്‍ ലണ്ടനില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ യോഗേശ്വര്‍ ദത്ത് തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രതികരിച്ചു.

2013ല്‍ ഒരു കാറപകടത്തില്‍ കുത്‌കോവ് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ലണ്ടന്‍ ഒളിമ്പിക്‌സിനിടയില്‍ ശേഖരിച്ച സാമ്പിളുകള്‍ ഐ.ഒ.സി വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കുത്‌കോവ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്.

കുത്‌കോവിന്റെ കുടുംബത്തോടുള്ള സഹാനുഭൂതിയാണ് തനിക്ക് പ്രധാനപ്പെട്ടതെന്നും കുത്‌കോവ് മികച്ച ഗുസ്തി താരമായിരുന്നുവെന്നും യോഗേശ്വര്‍ പറഞ്ഞു.

ഒരു ഗുസ്തി താരമെന്ന നിലയില്‍ കുത്‌കോവിനെ ഇപ്പോഴും ബഹുമാനിക്കുന്നുണ്ടെന്നും യോഗേശ്വര്‍ തന്റെ ട്വിറ്റില്‍ വ്യക്തമാക്കി.

ലണ്ടന്‍ ഒളിമ്പിക്‌സ് പ്രീ ക്വാര്‍ട്ടറില്‍ കുത്‌കോവിനോട് പരാജയപ്പെട്ട യോഗേശ്വര്‍ റെപ്പഷാഗെ റൗണ്ടിലൂടെയാണ് വെങ്കല മെഡല്‍ നേടിയിരുന്നത്.

എന്നാല്‍ വെള്ളി നേടിയ കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി കഴിഞ്ഞ ദിവസമാണ് ഐ.ഒ.സി ഉയര്‍ത്തിയത്.

വെള്ളി നേട്ടത്തെ കുറിച്ച് യോഗേശ്വര്‍ ആദ്യം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ”തലയിലെഴുതിയതെന്താണോ അതേ സംഭവിക്കൂ” എന്ന് പറഞ്ഞ് യോഗേശ്വര്‍ തന്റെ നിരാശ പങ്കുവെച്ചിരുന്നു.

Top