ബോളില്‍ വിഷവാതകം; അനസ്‌തെറ്റിസ്റ്റ് ഭാര്യയെയും മകളെയും കൊലപ്പെടുത്തി

deadbody

ഹോങ്കോങ്: യോഗാ ബോളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറച്ച് അനസ്‌തെറ്റിസ്റ്റ് ഭാര്യയെയും മകളെയും കൊലപ്പെടുത്തി. മലേഷ്യന്‍ സ്വദേശി ഖോ കിം എന്ന 53കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2015ല്‍ നടന്ന കൊലപാതകം കഴിഞ്ഞ ദിവസം ഹോങ്കോങ് കോടതി പരിഗണിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നത്.

അടച്ചിട്ട മഞ്ഞ മിനി കൂപ്പര്‍ കാറില്‍ നിന്നാണ് കിമ്മിന്റെയും ഭാര്യയുടെയും 16കാരിയായ മകളുടെയും മൃതദേഹം കണ്ടെത്തിയത്. ഗ്യാസ് നിറച്ച ബോള്‍ കിം നിര്‍ത്തിയിട്ട കാറിന് പിന്നില്‍ മറച്ചു വച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. കിം ജോലി ചെയ്യുന്ന ആശുപത്രിയിലാണ് ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭാര്യയും മകളും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

കിമ്മിന് ഒരു വിദ്യാര്‍ത്ഥിയുമായി പ്രണയബന്ധം ഉണ്ടായിരുന്നെന്നും, വിവാഹബന്ധം വേര്‍പിരിയാന്‍ ഭാര്യ സമ്മതിക്കാഞ്ഞതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ചൈനീസ് സര്‍വ്വകലാശാലയുടെ പരിസരത്ത് രണ്ട് ജിം ബോളുകളില്‍ കിം ഗ്യാസ് നിറയ്ക്കുന്നതിന് സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗ്യാസ് നിറച്ചത് മുയലുകളില്‍ പരീക്ഷിക്കാനാണെന്നാണ് കിം ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് എലികളില്‍ പരീക്ഷണം നടത്താനാണെന്ന് കിം മാറ്റിപ്പറഞ്ഞു. കൊലപാതകം നടന്ന ദിവസം ഇളയ മകളോട് വീട്ടില്‍ ഇരുന്ന് പഠിക്കാന്‍ ആവശ്യപ്പെട്ട ശേഷം ഭാര്യയെയും മൂത്ത മകളെയും കൂട്ടി പുറത്തുപോകുകയായിരുന്നെന്ന് കിം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Top