ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് യോഗ; ആരോഗ്യ രഹസ്യം വെളിപ്പെടുത്തി മോദി

ന്യൂഡല്‍ഹി: തന്റെ ആരോഗ്യത്തിന്റെ രഹസ്യം യോഗയും പ്രാണയാമവും ആയുര്‍വേദവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുഷും യോഗയും എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മോദി തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തിയത്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണ് ആരോഗ്യ സംരക്ഷണം എന്നത്. എന്നാല്‍ നാച്ചുറോപ്പതിയും യോഗയും ശീലമാക്കിയാല്‍ ഇതിനെ മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അദ്ദേഹം കഠിനമായി അധ്വാനിക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഞാനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ട്,’ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ നിങ്ങളോട് എന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തേണ്ടതുണ്ട്. എന്റെ ജീവിതത്തിന്റെ വാഹനം മുന്നോട്ട് കൊണ്ടുപോകുന്നത് യോഗയും പ്രണയവും ആയുര്‍വേദവുമാണ്,’ മോദി പറഞ്ഞു.

ഫിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങി തൊട്ടടുത്ത ദിവസം ആയുഷും യോഗയും എന്ന വിഷയത്തില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആയുഷും യോഗയും ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ രണ്ട് പ്രധാന തൂണുകളാണ്. ഇത് ശീലത്തിന്റെ മാത്രമല്ല, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആരോഗ്യത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളെയും ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും മോദി പറഞ്ഞു.

Top