yoga-must-in-kerala-police

കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ഇന്ന് മുതല്‍ യോഗ നിര്‍ബന്ധമാക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ പൊലീസുകാര്‍ക്കും കഴിഞ്ഞദിവസം കൈമാറി.

ജനുവരി ഒന്ന് മുതല്‍ മുഴുവന്‍ സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമായും നടത്തണമെന്നായിരുന്നു ആദ്യ നിര്‍ദേശമെങ്കിലും ചൊവ്വാഴ്ച തന്നെ യോഗ ആരംഭിക്കണമെന്ന അറിയിപ്പാണ് പലയിടത്തും എസ്.ഐമാര്‍ പൊലീസുകാര്‍ക്ക് കൈമാറിയത്.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഉത്തരവ് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ഇന്ന് രാവിലെ യോഗ നടന്നു.

ബാബ രാംദേവിന്റെയും, ശ്രീ ശ്രീ രവിശങ്കറിന്റേയും സ്ഥാപനങ്ങളില്‍ നിന്നുള്ള ട്രെയിനര്‍മാരാണ് നേത്യത്വം നല്‍കുന്നത്. പോലീസ് സേനയില്‍ നിന്നുള്ള ട്രെയിനര്‍മാരുമുണ്ട്.

പൊലീസുകാര്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പാക്കാനും ആത്മസംയമനം വളര്‍ത്താനുമാണ് യോഗയെന്നാണ് ഔദ്യോഗിക വിശദീകരണം.

ആരെങ്കിലും പങ്കെടുത്തില്ലെങ്കില്‍ അവരുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് എസ്.ഐമാര്‍ക്ക് എസ്.പിമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.അവരുടെ വിവരങ്ങള്‍ എസ്.പിമാര്‍ ഡിജിമാര്‍ക്ക് കൈമാറും.നടപടിയെടുക്കാനാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് സൂചന.

മതവിശ്വാസത്തിന് എതിരായതിനാല്‍ യോഗയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Top