ലോകത്തെ ഒന്നിച്ചു നിറുത്തുന്നതില്‍ യോഗയുടെ പങ്ക് സുപ്രധാനമെന്ന് നരേന്ദ്രമോദി

ലക്‌നൗ: ലോകത്തെ ഒന്നിച്ചു നിറുത്തുന്നതില്‍ യോഗയുടെ പങ്ക് സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശരീരത്തേയും മനസിനേയും ഒന്നിപ്പിക്കുന്ന യോഗ, വ്യായാമമുറ എന്നതിനേക്കാള്‍ ആരോഗ്യകരമായ ജീവിതമാണ് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ദേശീയതല ഉദ്ഘാടനം ലക്‌നൗവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാഷ, സംസ്‌കാര, ദേശ വ്യത്യാസമില്ലാതെ യോഗ എല്ലാവരേയും ഒരു കൂടക്കീഴില്‍ നിറുത്തുകയാണ്. അങ്ങനെയുള്ള യോഗ എല്ലാവരുടേയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇന്ത്യയുടെ ഭാഷയോ, പാരന്പര്യമോ, സംസ്‌കാരമോ ഒന്നും അറിയാത്ത രാജ്യങ്ങള്‍ പോലും യോഗയിലൂടെ നമ്മളുമായി ബന്ധപ്പെട്ട് കിടക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നിരവധി യോഗപഠന കേന്ദ്രങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. യോഗ അദ്ധ്യാപകര്‍ക്ക് വലിയ പ്രധാന്യം കൈവന്നിട്ടുള്ളതായും മോദി ചൂണ്ടിക്കാട്ടി.

ശാരീരികമായി ആരോഗ്യവാന്മാരായിരിക്കുക എന്നതിനെക്കാളുപരി യോഗയുടെ ഗുണങ്ങള്‍ കൂടി മനസിലാക്കണം 24 മണിക്കൂറും യോഗ ചെയ്യണം എന്നില്ല. എന്നാല്‍, അമ്പതോ അറുപതോ മിനിട്ട് യോഗ ചെയ്യുന്നതിലൂടെ ശരീരവും മനസും സന്തുലനം പ്രാപിക്കും. ഉപ്പ് ആഹാരത്തിന് രുചി നല്‍കുക മാത്രമല്ല, ചെയ്യുന്നത്, ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടി ഉറപ്പാക്കുന്നു. ആ ഉപ്പ് ചെയ്യുന്ന ജോലിയാണ് യോഗയും ശരീരത്തിന് നല്‍കുന്നത്. എല്ലാവരും യോഗ തങ്ങളുടെ ജീവിതചര്യയുടെ ഭാഗമാക്കണമെന്നും മോദി നിര്‍ദേശിച്ചു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു. അമ്പതിനായിരത്തിലധികം പേരാണ് മോദിക്കൊപ്പം യോഗ ചെയ്തത്.

Top