യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ആധുനിക യോഗയെ ആത്മീയതയുമായോ ഏതെങ്കിലും ഒരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴാമത് അന്താരാഷ്ട്ര യോഗാദിന ആചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായി തന്നെയാണ് കാണേണ്ടത്. അതിനെ ആത്മീയമായോ മതപരമായോ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭ്യമല്ലാതെ വരും. മതത്തിന്റെ കള്ളിയിലൊതുക്കിയാല്‍ മഹാഭൂരിപക്ഷത്തിന് യോഗയും അതുകൊണ്ടുണ്ടാകുന്ന ആശ്വാസവും നിഷേധിക്കപ്പെട്ടു പോകും. അത് സംഭവിക്കരുത്. അതുകൊണ്ടു തന്നെ യോഗയുടെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തി അത് പ്രചരിപ്പിക്കുന്നതില്‍ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തിവരുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗാഭ്യാസം ശാസ്ത്രീയമായ ശാരീരിക വ്യായാമ മുറയാണ്. അത് അഭ്യസിക്കുന്നത് മനസ്സിനു കൂടി വ്യായാമം നല്‍കുന്നു എന്നതാണ് വസ്തുത. യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക ഊര്‍ജം വര്‍ധിപ്പിക്കാനും കഴിയും. അങ്ങനെ സമൂഹത്തിനാകെ ആരോഗ്യവും ശാന്തിയും ഉറപ്പുവരുത്താന്‍ യോഗ ഉപകരിക്കും. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശരീരത്തിന്റെയും മനസ്സിന്റെയും ഏറ്റവും സന്തുലിതവും ആരോഗ്യകരവുമായ ഒത്തുചേരലാണ് യോഗ എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. ശാരീരികാരോഗ്യം മാനസികാരോഗ്യത്തിനും മാനസികാരോഗ്യം ശാരീരികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇവ പരസ്പരപൂരകമാണ്. ഇങ്ങനെയുള്ള ഒരു സമഗ്ര കാഴ്ച്ചപ്പാടാണ് യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top