Yoga day issu; Kummanam Rajasekharan’s statement

തിരുവനന്തപുരം: യോഗദിനാചരണത്തിന്റെ ഭാഗമായി കീര്‍ത്തനം ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നടപടി പ്രതിഷേധാര്‍ഹവും ഉത്കണ്ഠ ഉണ്ടാക്കുന്നതുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് മനസിലാകുന്നില്ല. നടപടി അപലപനീയമാണെന്നും മന്ത്രി യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് യോഗയെ സമീപിക്കണമെന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയ നടപടിയില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. എല്ലാവര്‍ക്കും സ്വീകാര്യമായ പ്രാര്‍ഥന ചൊല്ലിക്കൂടേയെന്ന് മന്ത്രി ചോദിക്കുകയും ചെയ്തു.

യോഗ ഒരു മതത്തിന്റെ ഭാഗമല്ലെന്നും മതേതരത്വം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. യോഗക്ക് മുമ്പ് മനസ്സ് ഏകാഗ്രമാക്കാന്‍ ഓരോ മതവിഭാഗക്കാര്‍ക്കും അവരവരുടെ പ്രാര്‍ഥന ആകാം. ഒരു മതത്തിലും വിശ്വസിക്കാത്തവരും ഇവിടെയുണ്ടെന്നും അവര്‍ക്ക് മനസ്സിനെ ഏകാഗ്രമാക്കാന്‍ അവരുടേതായ രീതികളുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കോമണ്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Top