ലോകാവസാനമോ ? ലോക ചരിത്രമോ ? ‘യതി’യിലെ യാഥാർത്ഥ്യം വീണ്ടും ഞെട്ടിച്ചു

പുരാണകഥയിലെ കല്‍ക്കിയെയാണോ അതോ യതിയെയാണോ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്? സോഷ്യല്‍ മീഡിയയില്‍ വാദവും പ്രതിവാദവും സജ്ജീവമാണ്.

സാങ്കല്‍പ്പിക കഥയിലെ ഈ താരങ്ങളെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ വാര്‍ത്തകളെല്ലാം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത് വരികയാണ്.

അജ്ഞാത മഞ്ഞു മനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ നേപ്പാളിലെ മക്കാളു ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ കരസേന പറയുന്നത്. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

മക്കാളു ബേസ് ക്യാമ്പിനു സമീപം ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പാടുകളാണ് കരസേനാസംഘം കണ്ടെത്തിയത്. ഇതാദ്യമായാണ് യതിയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നതെന്നും ട്വിറ്ററില്‍ കരസേന വ്യക്തമാക്കുന്നു. 2019 ഏപ്രില്‍ ഒമ്പതിനാണ് സംഘം കാല്‍പാടുകള്‍ കണ്ടെത്തിയത്. മഞ്ഞില്‍ പതിഞ്ഞ ഒരു കാല്‍പാദത്തിന്റെ മാത്രം ചിത്രമാണ് കരസേന ട്വിറ്ററില്‍ പങ്കുവെച്ചിരുക്കുന്നത്.

സന്യാസി ശ്രേഷ്ഠന്മാര്‍ തന്നെ ഹിമാലയത്തിലെ ഒരു രഹസ്യ നഗരത്തെക്കുറിച്ച് പറയുന്നുണ്ട്. സാറ്റ് ലൈറ്റുകള്‍ക്കുള്‍പ്പെടെ മനുഷ്യന്റെ സകല കണ്ടു പിടുത്തങ്ങള്‍ക്കും അപ്പുറം ഉള്ള ഒരു നഗരമായാണ് സന്യാസിമാര്‍ ഇതിനെ വിലയിരുത്തുന്നത്.

മരണമില്ലാത്തവരായി കരുതപ്പെടുന്ന മഹാവിഷ്ണുവിന്റെ അവതാരം പരശുരാമന്‍, ഹനുമാന്‍, അശ്വത്ഥമാവ്, കൃപന്‍, വിഭീഷണന്‍, മഹാബലി, വ്യാസന്‍ എന്നിവര്‍ ഇവിടെ വസിക്കുന്നതായാണ് ഹൈന്ദവ വിശ്വാസി സമൂഹം ഇപ്പോഴും കരുതുന്നത്.

എല്ലാ മത ഗ്രന്ഥങ്ങളിലും ലോകാവസാനത്തെക്കുറിച്ച് പറയുന്നുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം കല്‍ക്കി ആണ് ഒടുവില്‍ രക്ഷകനായി അവതരിക്കുന്നത്. ഈ കല്‍ക്കിയുടേതാണ് ഇപ്പോള്‍ സൈന്യം കണ്ട കാല്‍പ്പാടുകള്‍ എന്നുവരെ വിശ്വസിക്കുന്ന വിശ്വാസികളും ഹൈന്ദവ സമൂഹത്തിലുണ്ട് എന്നതാണ് രസകരം. പുരാണത്തില്‍ കല്‍ക്കിക്ക് ആയുധാഭ്യാസം നല്‍കുന്നത് പരശുരാമനാണെന്നാണ് പറയപ്പെടുന്നത്.

മനുഷ്യര്‍ തമ്മില്‍ നടക്കുന്ന ഘോര യുദ്ധം ലോകാവസാനത്തിലെത്തുമ്പോഴാണ് കല്‍ക്കി അവതരിക്കുന്നതെന്ന നിരീക്ഷണത്തിനും വിശ്വാസികള്‍ക്ക് അടിസ്ഥാനമുണ്ട്. ഇപ്പോള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങള്‍ ഇതിന്റെ തുടക്കമാണെന്നാണ് അവരുടെ വാദം.

ഇതുവരെ സാങ്കല്‍പ്പികമായി മാത്രം ഇത്തരം കാര്യങ്ങളെ വിലയിരുത്തിയവര്‍ പോലും സൈന്യത്തിന്റെ ട്വീറ്റ് വന്നതോടെ ഇപ്പോള്‍ ഗൂഗിള്‍ തിരയുന്ന തിരക്കിലാണ്. ഹിമ കരടി മുതല്‍ കല്‍ക്കിയും യതിയുമെല്ലാം ആണ് പ്രിയപ്പെട്ടവര്‍.

ഹിമമനുഷ്യന്‍ എന്ന യെതിയെക്കുറിച്ചുള്ള കഥകള്‍ വളരെക്കാലമായി ലോകത്ത് പ്രചരിക്കുന്നുണ്ട് എന്നാല്‍ അതിനെ നേരില്‍ കണ്ടവരാരും തന്നെ ഇല്ല. പലരും കണ്ടു എന്ന അവകാശവാദവുമായി എത്തിയിട്ടുണ്ട് എങ്കിലും അതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ അവകാശവാദം ഉന്നയിക്കുന്നവര്‍ക്കിതുവരെ കഴിഞ്ഞിരുന്നില്ല.

നേപ്പാളിലെയും ടിബറ്റിലേയും നാടോടിക്കഥകളിലും മറ്റും പരാമര്‍ശിക്കപ്പെടുന്ന മഞ്ഞില്‍ വസിക്കുന്ന ഭീമാകാരരൂപിയാണ് യതി. മെഹ്‌ടെഹ് എന്നു പ്രാദേശികമായി അറിയപ്പെടുന്നു. ബിഗ്ഫൂട്ട് എന്നും ഇതിന് വിളിപ്പേരുണ്ട്.

ഹിമാലയത്തില്‍ പര്യവേഷണം നടത്തിയ ബ്രിട്ടിഷുകാരില്‍ ചിലര്‍ യതിയെ കണ്ടതായി മുന്‍പ് അവകാശപ്പെട്ടിട്ടുണ്ട്.

1832 ലെ ഹിമാലയ പര്യവേഷണത്തിന് ഇടയില്‍ ബി.എച്. ഹോഡ്‌സണ്‍ ആണ് തന്റെ മുന്നില്‍ പെട്ട ജീവിയെ പറ്റി ശാസ്ത്രലോകത്തിനു വിവരം നല്‍കിയത്. ആദ്യം അത് ഒരു ഒറാംഗ്ഗുട്ടന്‍ ആയിരിക്കും എന്നാണു അദ്ദേഹം കരുതിയത്. തന്റെ പര്യവേഷണ സംഘത്തിന് മുന്‍പില്‍ നിന്നും ഓടി ഒളിച്ച ആ ജീവിയ്ക്ക് 10 അടിയിലധികം ഉയരവും രോമാവൃതമായ ശരീരവും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ ഹിലരിയും താന്‍ യതിയുടേത് എന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടിട്ടുള്ളതായി അവകാശപെട്ടിരുന്നു.

1921ല്‍ ചാള്‍സ് ഹവാര്‍ഡ് എന്ന ഇംഗ്ലീഷ് സൈന്യത്തിലെ കേണല്‍ ആണ് യതിയെക്കുറിച്ച് രേഖപ്പെടുത്തുന്ന മറ്റൊരു വ്യക്തി. എവറസ്റ്റിനു സമീപമുള്ള ലഗ്ബ ലാ ചുരത്തില്‍ കണ്ടെത്തിയ വലിയ കാല്‍പാടുകളെക്കുറിച്ച് ഇദ്ദേഹം കൂടെയുണ്ടായിരുന്ന ഷെര്‍പമാരോട് തിരക്കി. ഇവരാണ് അസാധാരണ വലിപ്പമുള്ള ഹിമമനുഷ്യനെക്കുറിച്ചു കേണലിനോട് വിശദീകരിക്കുന്നത്. വലിയ ചെന്നായുടെ കാല്‍പാടുകളോടാണ് അന്ന് ചാള്‍സ് ഹവാര്‍ഡ് അവയെ സാമ്യപ്പെടുത്തിയിരുന്നത്.

1925ലാണ് ഹിമാലയത്തില്‍ അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടിഷ് ജോഗ്രഫിക്കല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ അവകാശപ്പെട്ടത്. പിന്നീട് ഇതുവരെ പലതവണ പല ഹിമാലയന്‍ യാത്രക്കാരും ഈ രൂപത്തെ കണ്ടതായി റിപ്പോര്‍ട്ടു ചെയ്തു. പാതി മനുഷ്യനും പാതി മൃഗവുമായി അറിയപ്പെട്ട ഈ ജീവിക്ക് യതി എന്ന പേര് ലഭിക്കുന്നത് തന്നെ അന്നാണ്. 1997 ല്‍ ഇറ്റലിയില്‍ നിന്നുള്ള പര്‍വതാരോഹകന്‍ റെയ്‌നോള്‍ഡ് മെസ്സ്‌നര്‍ യതിയെ നേരില്‍ കണ്ടതായി അവകാശപ്പെട്ടതും വാര്‍ത്തയായിരുന്നു.

യതിയെ കണ്ടതായി അവകാശപ്പെടുന്ന ആളുകള്‍ നല്‍കിയിട്ടുള്ള വിവരണങ്ങള്‍ ഏറക്കുറെ സാമ്യമുള്ളതാണ്. ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ യതിയുടെ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ ശാസ്ത്രലോകത്തിനു ഏകദേശം സാധിച്ചിട്ടുണ്ട്.

യതിയെ കണ്ടിട്ടുള്ളത് ഹിമാലയന്‍ മേഘലകളില്‍ ആണ്. ഈ മേഖലകള്‍ മനുഷ വാസം വളരെ കുറഞ്ഞവയാണ്. ഇവിടുത്തെ തദ്ദേശീയരായ നേപ്പാളികളും ടിബറ്റന്‍ ജനങ്ങളില്‍ പലരും യതിയെ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ഈ യതി തന്നെയാണോ കല്‍ക്കി എന്ന ചോദ്യം കൂടി ഉയരുമ്പോള്‍ വിവാദം ഇന്ത്യ കടന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ സജീവമായിരിക്കുകയാണ്. മനുഷ്യരുടെ നേതൃങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ഹിമാലയത്തിലെ അത്ഭുത നഗരവും അത്ഭുത ജീവിയും എന്തായാലും സിനിമാപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ നല്ല ഒരു കഥക്കുള്ള വിഭവമായിട്ടുണ്ട്.

Top