അതെ, പൊരുതുന്ന പൊന്നാനിയിൽ, ചെങ്കൊടിക്ക് പ്രതീക്ഷയും വാനോളം!

മുസ്ലീം ലീഗ് കോട്ടയായി അവകാശപ്പെടുന്ന മലപ്പുറം ജില്ലയിലെ ചുവപ്പ് കോട്ടയാണ് പൊന്നാനി. ഇവിടെ, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലുണ്ടായ പരസ്യമായ പ്രതിഷേധം  രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചിരുന്നു. എന്നാൽ  പ്രതിഷേധത്തെ മിന്നൽ വേഗത്തിലാണ് സി.പി.എം നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചിരുന്നത്. യു.ഡി.എഫിന്റെ സ്വപ്നം സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും, ഇടതുപക്ഷം ഹാട്രിക്ക് വിജയം നേടുമെന്നുമാണ് സി.പി.എം ഏരിയാ സെക്രട്ടറി പി.കെ ഖലീമുദ്ദീൻ അവകാശപ്പെടുന്നത്. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്നും.

സി.പി.എം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്, ആദ്യമായി പരസ്യമായി പ്രതിഷേധം നടന്ന  ഒരു മണ്ഡലമാണ് പൊന്നാനി, ഈ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ ?

സ്വാഭാവിക പ്രതികരണമാണെന്ന നിലയിലാണ് പൊന്നാനിയില്‍ പ്രതിഷേധം നടന്നത്. സാധാരണ ഗതിയില്‍ ഇത്രത്തോളം ആളുകള്‍ പങ്കെടുത്ത പ്രതിഷേധങ്ങള്‍ നടക്കാറില്ല എന്നത്‌കൊണ്ടാണ്  പൊതുവെ കേരളത്തില്‍ ഇതും ചര്‍ച്ചയായി വന്നിട്ടുള്ളത്. പ്രതിഷേധക്കാരൊക്കെ  ഒരു പൊതുവായ വികാരത്തില്‍ വന്ന് പങ്കെടുത്തതാണ്. പക്ഷെ, അത് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ ഔദ്യാഗികമായി പ്രഖ്യാപിച്ചതോടുകൂടി മാറി. ഇപ്പോൾ എല്ലാവരും പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന സമീപനമാണുള്ളത്.സ്ഥാനാര്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഒന്നും തന്നെ, പ്രചാരണത്തിൽ ഒട്ടും ബാധിക്കാത്ത രീതിയിലാണ്  പ്രചരണപ്രവര്‍ത്തങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് .

ഉറപ്പാണോ, പൊന്നാനി ?

തീര്‍ച്ചയായിട്ടും തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രൂപത്തില്‍ എല്ലാവരും വളരെ സജീവമായി വന്നിരിക്കുകയാണ്. നമ്മുടെ സ്ഥാനാര്‍ഥി നന്ദേട്ടനെ പൊന്നാനിയിലെ പാര്‍ട്ടിക്കാര്‍ മുഴുവനായി ഏറ്റെടുത്തിട്ടുണ്ട് എന്നുള്ളതാണ് ഫീല്‍ഡില്‍ നിന്നുള്ള അനുഭവം.

സ്ഥാനാർത്ഥിക്കെതിരെ  പ്രതിഷേധം ഉയർന്നെങ്കിലും  പ്രതിഷേധത്തെ പെട്ടെന്ന് തന്നെ തടയിടാന്‍ സിപിഎമ്മിന് കഴിഞ്ഞു. അതും സ്ഥാനാര്‍ത്ഥിയെ മാറ്റാതെ തന്നെ  എങ്ങനെയാണ് അതിനു കഴിഞ്ഞത് ?

പ്രതിഷേധം ഉയർത്തിയ ആളുകളോട് വൈകാരികമായി പ്രതികരിക്കുന്നതിന് പകരം നമ്മള്‍ രണ്ടു ദിവസംകൊണ്ട് എല്ലാ കമ്മിറ്റികളും വിളിച്ചു ചേര്‍ത്തുകൊണ്ട്  സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ നടപടി ക്രമത്തെകുറിച്ചു കൃത്യമായി പറയുകയും  ഇത് അണികള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. ഔദ്യാഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടുകൂടി  സ്ഥാനാര്‍ത്ഥിയെ ഏറ്റെടുക്കുന്ന രീതിയാണ് ഇവിടെയാകെ വന്നിട്ടുള്ളത് .

പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സി.ഐ.ടി യു നേതാവ് കൂടിയായ നന്ദകുമാറാണ്. എന്നാല്‍, എതിര്‍ സ്ഥാനാര്‍ഥി യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിതാണ്. കണക്കുകൂട്ടാല്‍ തെറ്റുമോ?

ഈ സ്ഥാനാര്‍ത്ഥിയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍, ഇതൊരു മല്ലയുദ്ധമല്ല എന്നാണ് അദ്ദേഹം ഒരു ചാനലിന് അഭിമുഖമായി പറഞ്ഞിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍  ജനാതിപത്യത്തിന്റെ ഉത്സവമെന്നു പറയുന്ന ഈ തെരഞ്ഞെടുപ്പില്‍  പ്രായം ഒരു ഘടകമേയല്ല. പ്രായം ഒരു പക്ഷെ ഞങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന ഒന്നു കൂടിയാണ്. കൂടുതല്‍ അനുഭവ സമ്പത്തുള്ള ഒരു സ്ഥാനാര്‍ത്ഥിയാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തു നിന്നും മത്സരിക്കുന്നത്. അന്‍പത്ത് വര്‍ഷ കാലത്തേ പൊതു പ്രവര്‍ത്തന ജീവിതാനുഭവം അദ്ദേഹത്തിനുണ്ട്. അടിയന്തരാവസ്ഥയില്‍ ഒരുപക്ഷെ പിണറായി വിജയനോടൊപ്പം ജയിലില്‍ കിടന്ന അനുഭവവും ഓർക്കണം. കേരളത്തിലെ നിയമസഭയ്ക്ക് അകത്ത് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും, നിയമസഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കമ്മീഷന്റെ പേര് നന്ദകുമാര്‍ കമ്മീഷൻ എന്നാണ്. കൈത്തറി മേഖലയില്‍ എങ്ങനെയാണ് ഒരു ഗവണ്മെന്റ് ബ്രാന്‍ഡ് ഉണ്ടാക്കുക എന്നതിനെ കുറിച്ച്  വളരെ ഗഹനമായി പഠിച്ച ഒരു റിപ്പോര്‍ട്ടാണിത്. അങ്ങനെ നാനാ മേഖലകളിലും  നിയമസഭാ സാമാജികന്‍ ആവുന്നതിന് മുന്‍പ് തന്നെ  മികച്ച പ്രകടനം കാഴ്ചവച്ച നേതാവാണ് നന്ദകുമാർ.

സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍ രണ്ടു തവണ പ്രതിധാനം ചെയ്ത മണ്ഡലം കൂടിയാണ് പൊന്നാനി. ഇത്തവണ പ്രചാരണത്തില്‍ അദ്ദേഹം എത്രമാത്രം സജീവമാണ് ?

2011 -ലാണ് വളരെ ആകസ്മികമായി, നമ്മുടെ ബഹുമാന്യനായ സ്പീക്കര്‍ പൊന്നാനിയില്‍ ജനവിധി തേടുന്നത്. അന്ന് അദ്ദേഹം ഡിവൈഎഫ്ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു . സാധരണ ഗതിയില്‍ പൊന്നാനിയുമായി അങ്ങനെ മറ്റൊരു തരത്തില്‍ ബന്ധമില്ലാത്ത ഒരു ആളായിരുന്നു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വ നിരയില്‍ നിന്ന് ഒരാള്‍ മത്സരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ്  അദ്ദേഹം അന്നു മത്സരിക്കുന്നത്.പാര്‍ട്ടിയെ സംബന്ധിച്ച്  പൊന്നാനി എന്നു പറയുന്നത്  വലിയ സാധ്യത ഉള്ള ഒരു മണ്ഡലം കൂടിയാണ്. ഇപ്പൊൾ ശ്രീരാമകൃഷ്ണൻ ഒരു പൊന്നാനിക്കാരനാണ് എല്ലാ അര്‍ത്ഥത്തിലും. അങ്ങനെ തന്നെയാണ്. ഈ തെരഞ്ഞെടുപ്പിനെ  അദ്ദേഹമാണ് യഥാര്‍ത്ഥത്തില്‍ നയിക്കുന്നത്. സ്പീക്കര്‍ എന്ന പറയുന്ന ഒരു ഭാരം നീക്കിവെച്ചു കൊണ്ട്  ഇലക്ഷന്‍ കണ്‍വൻഷന്‍ മുതല്‍  എല്ലാ ദിവസവും രാവും പകലുമില്ലാതെ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മൂലധനം ഉപയോഗിച്ചു കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ഇടതുപക്ഷം പ്രചാരണം നയിച്ചു കൊണ്ടിരിക്കുന്നത് .

എംഎല്‍എ എന്ന നിലയില്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്റെ പ്രവര്‍ത്തനത്തെ എങ്ങനെയാണ് പാര്‍ട്ടി വിലയിരുത്തുന്നത് ?

രണ്ടു ഘട്ടമായാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത്. വിഎസിന്റെ കാലത്തു പൊന്നാനിയിൽ വലിയ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരുന്നത്. അതില്‍ ഒന്ന് ഫിഷിങ് ഹാര്‍ബറാണ്. ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവിൽ പൂര്‍ത്തീകരിക്കപ്പെട്ടു . അതില്‍ എല്ലാം ഉപരിയായി, ചമ്രവട്ടം പാലം ദീര്‍ഘകാലത്തെ പൊന്നാനിക്കാരുടെ ആവശ്യമായിരുന്നു.അത് നിറവേറ്റിക്കൊണ്ടാണ് ആ ഗവൺമെൻ്റ് അവസാനിക്കുന്നത്, അതിന്റെ തുടര്‍ച്ചയായി എംഎല്‍എ ആവുകയാണ് യഥാര്‍ത്ഥത്തില്‍ ശ്രീരാമ കൃഷ്ണന്‍ ചെയ്തത്. അന്നാണ്, തുടര്‍ച്ചയായി രണ്ടാമത്തെ തവണ ആദ്യമായി എല്‍.ഡിഎഫിന് ഭരണം കിട്ടുന്നത്. അഞ്ചു വര്‍ഷകാലം പ്രതിപക്ഷ എം എല്‍ എ എന്നുപറയുന്ന പരിമിതി ശ്രീരാമകൃഷ്ണന് ഉണ്ടായിരുന്നു.അന്ന് യു ഡി എഫ് ഗവണ്‍മെന്റ് നിക്ഷേപങ്ങള്‍ കുറച്ച ഒരു കാലം കൂടിയായിരുന്നു. അക്കാലത്താണ് പൊന്നാനിയിലെ ഏറ്റവും പ്രധാന പെട്ട ഹൈവേ വികസനത്തിന് തുടക്കം കുറിക്കുന്നത്. അതിന് ശേഷമുള്ള 2016 മുതല്‍ ഇതുവരെയുള്ള കാലഘട്ടം, പൊന്നാനിയെ സംബന്ധിച്ചു അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം നടന്നിട്ടുള്ള ഒരു സമയമാണ്. ശ്രീരാമകൃഷ്ണന്റെ സംഭാവനകള്‍ മുഴുവനും വിടര്‍ത്തപ്പെട്ടൊരു കാലം കൂടിയാണിത്.എംഎല്‍.എ എന്ന നിലയില്‍, നൂറു ശതമാനം അദ്ദേഹം മണ്ഡലത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. അത് ജനങ്ങൾക്കും ശരിക്കും അറിയാം.

ബി.ജെപി യുടെ പൊന്നാനിയിലെ സാന്നിധ്യത്തെ എങ്ങനെയാണ് നോക്കി കാണുന്നത് ?

ബി.ജെ.പി കേരളത്തില്‍ വളര്‍ന്നത് പോലെ, വളരാത്ത സ്ഥലമാണ് പൊന്നാനി, പക്ഷെ പണ്ട് മുതലേ ബിജെപി ക്ക് കുറച്ചു സാന്നിധ്യം ഇവിടെ ഉണ്ട്. സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ഒരു ബി.ഡി.ജെ.എസിന്റെ അപ്രധാനിയെയാണ് അവർ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.ഇത് സ്വാഭാവികമായും മറ്റൊരു തരത്തില്‍, കേരളത്തില്‍ നടക്കുന്ന ഒരു അഡ്ജസ്‌റ്മെന്റ് രാഷ്ട്രീയമാണോ എന്ന സംശയം ഉണ്ട്. ഇക്കാര്യം ജനങ്ങളോട് വിശദികരിച്ചു കൊണ്ട്, അത് മറികടക്കാവുന്ന തരത്തിലുള്ള ജനപിന്തുണ തേടാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

പൊന്നാനിയില്‍ ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തത് സിപിഎമ്മിന് ഭീഷണിയാകുമോ ?

ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തത് ഭീഷണിയല്ല, ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിന്റെ ചെലവില്‍, കേരളത്തിലെ പല മണ്ഡലങ്ങളിലും സാധ്യമാവു,ന്ന മുന്‍പ് ഒക്കെ പയറ്റിട്ടുള്ള, ഒരു കോലീബി സഖ്യത്തിന്റെ ‘മാതൃക’ പൊന്നാനിയില്‍ ഉണ്ടോന്നാണ് സംശയിക്കുന്നത്. ആര്‍.എസ്.എസ് കോണ്‍ഗ്രസുമായി സന്ധി സംഭാഷണം നടത്തിയിട്ടുണ്ടോ എന്നു പോലും ജനങ്ങൾ സംശയിക്കുന്നുണ്ട്.

പൊന്നാനിയിലെ വികസനം തുടര്‍ച്ചയെ എങ്ങനെയാണ് നോക്കികാണുന്നത്?

പൊന്നാനിയുടെ വികസനത്തില്‍ ആദ്യമായി യഥാര്‍ത്ഥത്തില്‍ നായകത്വം വഹിച്ചത് ഇമ്പീച്ചിബാവയാണ് . പക്ഷെ അദ്ദേഹം ഒരിക്കല്‍ മാത്രമാണ് പൊന്നാനിയില്‍ നിന്നും ജയിച്ചിട്ടുള്ളു. എന്നാൽ, ഇവിടുത്തെ വികാസന തുടക്കം എന്നു പറയുന്നത്, ഇമ്പീച്ചി ബാവയുടെ ഒരു ദീര്‍ഘ വീക്ഷണത്തെയാണ്. പൊന്നാനി സത്യത്തില്‍ മലപ്പുറം ജില്ലയിലെ വളരെ കോര്‍ണറായി കിടക്കുന്ന ഒരു സ്ഥലമാണ്. അങ്ങനെ ഒന്നും പെട്ടെന്ന് വികസിക്കാന്‍ സാധ്യതെ ഇല്ലാത്ത ഒരു പ്രദേശത്തെ, കലാകാലങ്ങളിലുള്ള ഇടതുപക്ഷ എം എല്‍എമാർ നടത്തിയിട്ടുള്ള ഇടപെടലിൻ്റെ ഭാഗമായാണ് പുരോഗതിയിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. 1969ല്‍, ഇവിടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഉണ്ടായിട്ടുണ്ട് , ഫയര്‍ സര്‍വീസ് ആദ്യമായി ആന്ന് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ആയിരുന്നു. ഹോസ്പിറ്റലുകള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എത് മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാലും, അതിനു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇമ്പീച്ചിബാവ മരിക്കുന്നതിന് മുന്‍പുള്ള ആഗ്രഹം ഒരു ഫിഷിങ് ഹാര്‍ബര്‍ ഉണ്ടാക്കുക എന്നുള്ളതായിരുന്നു. സി.പി.എമ്മിൻ്റെ ചണ്ഡീഗഡ് സമ്മേളനം കഴിഞ്ഞ അദ്ദേഹം നാട്ടിലേക്ക് വരുന്നതിന് പകരം, ഹാർബർ ആവശ്യത്തിനായി ദല്‍ഹിക്കു പൊക്കുമ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്. ഇമ്പിച്ചി ബാവയുടെ സ്വപ്നങ്ങൾ സാക്ഷാത് കരിക്കാൻ പാലൊളിയാണ് പിന്നീട് രംഗത്തിറങ്ങിയത്. അദ്ദേഹവും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. ഇതിന്റെ എല്ലാം തുടർച്ചയായാണ് ശ്രീരാമകൃഷ്ണന്റെ പ്രവർത്തനത്തെയും  നാട് വിലയിരുത്തുന്നത്.

എന്താണ് ഈ തെരഞ്ഞെടുപ്പില്‍ പൊന്നാനി ജനത പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് ?

യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വികസനം തന്നെയാണ്. രണ്ടു തരത്തിലുള്ള വികസനമാണത് , പൊതുവായി കേരളത്തിലുള്ള വികസനം നന്നായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് , ഓരോ കുടിലുകളിലും എത്തിയിട്ടുള്ള ഗവര്‍മെന്റിന്റെ ശ്രദ്ധ, നല്ല രീതിയില്‍ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിലുപരി പൊന്നാനിയില്‍ വികസനത്തിന്റെ കാലമാണ് എന്നതും കഴിഞ്ഞ പത്തു വർഷത്തിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പിണറായി ഗവൺമെന്റിനോടുള്ള ആളുകളുടെ അഭിമുഖ്യം വളരെ കൂടുതലാണ്. അതോടൊപ്പം തന്നെ, പാലോളിയും ശ്രീരാമകൃഷ്ണും നടത്തിയിട്ടുള്ള മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും ജനങ്ങൾ തൃപ്തരാണ്.

നന്ദകുമാർ വിജയിച്ചാല്‍  പൊന്നാനിയില്‍ നിന്നും ഒരു മന്ത്രി എന്ന പ്രചരണം ശക്തമാണ്. എന്താണ് ഇതിനെ കുറിച്ച് പറയാന്‍ ഉള്ളത്?

യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിന്റെ മന്ത്രിമാരെ തീരുമാനിക്കുന്നത് സംസ്ഥാന ഘടകമാണ്. സംസ്ഥാന അടിസ്ഥാനത്തിലാണ് മന്ത്രിമാർ ഉണ്ടാവുക . യോഗ്യരായ ആളുകളെ തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും, ഇടതുപക്ഷം നിര്‍ത്തിയുട്ടുള്ളത്, ആരും തന്നെ അയോഗ്യരല്ല. ആ അര്‍ത്ഥത്തില്‍, പൊന്നാനിയിലെ നന്ദകുമാർ സഖാവും, മന്ത്രിയാവന്‍ യോഗ്യനാണ് , പക്ഷെ, തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണ്. ഇപ്പോൾ ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം, നന്ദകുമാര്‍ സഖാവിനെ എം.എല്‍.എ ആക്കുക എന്നതുമാത്രമാണ്. ബാക്കി എല്ലാം തെരഞ്ഞെടുപ്പ് വിധി വന്ന ശേഷം.

 

അഭിമുഖം തയ്യാറാക്കിയത്
മനീഷ രാധാകൃഷ്ണൻ

Top