മുംബൈ ഗോരെഗാവ് ഈസ്റ്റിൽ ലക്ഷങ്ങൾ വാടക വരുന്ന ഓഫീസ് സമുച്ചയവുമായി യെസ് ബാങ്ക്

ബെംഗളൂരു: മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിൽ യെഎസ് ബാങ്കിന് വിശാലമായ പുതിയ കെട്ടിടം. റൊമെൽ ടെക് പാർക്കിലാണ് 44,000 ചതുരശ്ര അടി വരുന്ന ഓഫീസ് സമുച്ചയം യെഎസ് ബാങ്ക് വാടകയ്ക്ക് എടുത്തത്. പ്രതിമാസം 53 ലക്ഷമാണ് കെട്ടിടത്തിന്റെ വാടക. റൊമെൽ റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് യെഎസ് ബാങ്ക് സ്ഥലം പാട്ടത്തിന് എടുത്തിരിക്കുന്നത്.

ഗോരെഗാവ് ഈസ്റ്റിലെ കാമ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന പ്രോപ്പർട്ടിയുടെ വടക്ക് ഭാഗത്തുള്ള 12-ാം നിലയിലും തെക്ക് വിംഗിലെ 11-ാം നിലയിലുമാണ് യെഎസ് ബാങ്ക് പ്രവർത്തിക്കുക.

റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ സിആർഇ മാട്രിക്സ് ആക്‌സസ് ചെയ്‌ത രേഖകൾ പ്രകാരം, സെപ്റ്റംബർ 22 മുതൽ 60 മാസത്തേക്കാണ് പാട്ടക്കാലാവധി. ആഗസ്ത് 16നാണ് പാട്ടക്കരാർ രജിസ്റ്റർ ചെയ്തത്. യെസ് ബാങ്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി ഏകദേശം 3.07 കോടി രൂപ അടച്ചിട്ടുണ്ട്. ഇടപാടിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് റൊമെൽ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവുകൾ പ്രതികരിച്ചിട്ടില്ല.

ജെപി മോർഗൻ, ഡ്യൂഷെ ബാങ്ക്, കെപിഎംജി, പിഡബ്ല്യുസി, മോർഗൻ സ്റ്റാൻലി, ഇവൈ, തുടങ്ങിയ കമ്പനികൾ ധനകാര്യ സ്ഥാപനങ്ങളുടെ ഒരു മിനി ഹബ്ബായി ഗോരെഗാവ് ഈസ്റ്റ് മാറുന്നുണ്ട്. ഒടുവിൽ കരാർ എടുത്തിരിക്കുന്നത് യെസ് ബാങ്ക് ആണ്. വിമാനത്താവളം, ഹൈവേ, മെട്രോ, റെയിൽവേ ലൈനുകൾ, നിരവധി ബിസിനസ്സ് ഹോട്ടലുകൾ എന്നിവയിലേക്കുള്ള എളുപ്പത്തിലുള്ള ഗതാഗത സൗകര്യം ഇത് കോർപ്പറേറ്റുകളുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുന്നു എന്ന് സിആർഇ മാട്രിക്സ് സിഇഒ അഭിഷേക് കിരൺ ഗുപ്ത പറഞ്ഞു.

യെസ് ബാങ്ക് ഈയിടെ അവരുടെ ഹെഡ് ഓഫീസ് ലോവർ പരേലിൽ നിന്ന് സാന്താക്രൂസിലേക്ക് മാറ്റിയിരുന്നു. വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് തിരിച്ച് ഓഫീസിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കകൂടി ചെയ്യുന്നുണ്ട് ബാങ്ക്. വർക്ക് ഫ്രം ഓഫീസ് നയത്തിലേക്ക് ക്രമേണ തിരിച്ചുവരവ് നടത്താനും തൊഴിൽ വിപണി ശക്തമാക്കാനും വലിയ വാണിജ്യ കരാറുകളിലേക്ക് കടക്കാനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട് എന്ന് ഗുപ്ത കൂട്ടിച്ചേർത്തു.

2020 ഡിസംബറിൽ, മാക്‌സ് ഗ്രൂപ്പിന്റെ റിയൽറ്റി വിഭാഗമായ മാക്‌സ് എസ്റ്റേറ്റ്‌സ് നോയിഡയിലെ വാണിജ്യ പദ്ധതിയിൽ 62,500 ചതുരശ്ര അടി ഓഫീസ് സ്ഥലം യെസ് ബാങ്കിന് പാട്ടത്തിന് നൽകിയിരുന്നു.

Top