Yemen’s Houthis launch missile toward Saudi holy city

റിയാദ്: എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാമെന്ന അവസ്ഥയില്‍ ഗള്‍ഫ് രാജ്യങ്ങള്‍.

മുസ്‌ലിംകളുടെ പുണ്യഭൂമിയായ മക്കയ്ക്കു നേരെവന്ന ഹൂതി മിസൈല്‍ ആക്രമണം സൂചിപ്പിക്കുന്നത് അറബ് രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന വന്‍ വെല്ലുവിളിയെയാണ്.

saudi

മിസൈല്‍ ആക്രമണം അറബ് സഖ്യസേന തകര്‍ത്തെങ്കിലും ആക്രമണ ഭീതി വിട്ടുമാറിയിട്ടില്ല. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേന തകര്‍ത്തത്. മക്കയില്‍നിന്നും 65 കിലോമീറ്റര്‍ മാത്രം അകലെ വച്ച് മിസൈല്‍ തകര്‍ക്കുകയായിരുന്നുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം അറിയിച്ചത്.

വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് ആക്രമണം ഉണ്ടായത്. യെമനിലെ സആദ പ്രവിശ്യയില്‍ നിന്നാണു മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ വരുന്നുണ്ടെന്ന് മനസിലാക്കിയ അറബ് സേന ഇതു തകര്‍ക്കുകയായിരുന്നു. മക്കയില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സആദ സ്ഥിതി ചെയ്യുന്നത്.

അതേസമയം, ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതികവിദ്യയില്‍ ഹൂതികള്‍ക്കു പരിശീലനം നല്‍കുന്നത് ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു. മാത്രമല്ല, ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അസീരി അറിയിച്ചു.

saudi

ബാലിസ്റ്റിക് മിസൈലായ ബുര്‍കാന്‍ 1 ആണ് സൗദി അറേബ്യയിലേക്കു വിട്ടതെന്ന് ഹൂതി വിമതര്‍ സ്ഥിരീകരിച്ചു. മക്ക ആയിരുന്നില്ല ലക്ഷ്യമെന്നും തിരക്കേറിയ വിമാനത്താവളമായ ജിദ്ദയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നുമാണ് ആക്രമണകാരികള്‍ പറയുന്നത്.

യമനിലെ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യ സേന ആക്രമണം നടത്തിവരികയാണ്. ഇതിനുള്ള പ്രതികാരമെന്നോണമാണ് ഹൂതികള്‍ സൗദിക്കു നേരെ മിസൈല്‍ പ്രയോഗിച്ചത്.

ഇറാഖിലും യമനിലും സിറിയയിലുമെല്ലാം ഉണ്ടാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊതുവെ ശാന്തമെന്ന് അറിയപ്പെടുന്ന അറബ് രാഷ്ട്രങ്ങളിലേക്ക് ആക്രമണം വ്യാപിക്കുന്നത് ഞെട്ടലോടെയാണ് ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ കാണുന്നത്.

മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് അറബ് രാജ്യങ്ങളിലുള്ളത്. ഐഎസ് തീവ്രവാദികളുടെ ആത്യന്തികമായ ലക്ഷ്യം തന്നെ മക്ക പിടിച്ചെടുക്കുക എന്നതാണ്.

കുവൈറ്റിനെ ഇറാഖ് ആക്രമിക്കുകയും തുടര്‍ന്ന് ഇറാഖ് സേനയെ അമേരിക്കന്‍ സഖ്യസേനയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ നിന്ന് തുരത്തുകയും ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഒരു വലിയ വെല്ലുവിളി അറബ് രാഷ്ട്രങ്ങള്‍ക്ക് നേരെ ഉയരുന്നത്.

Top