വെടിനിര്‍ത്തല്‍ വാഗ്ദാനവുമായി സൗദി

റിയാദ്: ആറ് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഹൂതി വിമതരുമായി വെടിനിര്‍ത്തല്‍ കരാറിന് ഒരുക്കമാണെന്ന് സൗദി. യുഎന്നിന്റെ മേല്‍നോട്ടത്തിലായിരിക്കും കരാര്‍. സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദാണ് ഹൂതികള്‍ അംഗീകരിക്കുകയാണെങ്കില്‍ വെടിനിര്‍ത്താനുള്ള സന്നദ്ധത പ്രഖ്യാപിച്ചത്. സൗദിയുടെ പ്രഖ്യാപനത്തെ യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ഭരണകൂടം സ്വാഗതം ചെയ്തു.

സനാ വിമാനത്താവളം തുറക്കുകയും ഹുദൈദ തുറമുഖം വഴി ഭക്ഷണവും ഇന്ധനവും ഇറക്കുമതി ചെയ്യുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അനുവാദം നല്‍കുന്നതായിരിക്കും വെടനിര്‍ത്തല്‍ കരാര്‍. അതോടൊപ്പം പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടത്തുന്നതിനായി ഹൂത്തികളുമായി ചര്‍ച്ചകള്‍ നടത്താനും സൗദി സന്നദ്ധത അറിയിച്ചു. ഹൂത്തികള്‍ ഇത് അംഗീകരിക്കുന്ന ഉടന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും സൗദി വിദേശകാര്യമന്ത്രി അറിയിച്ചു. യമനിനെതിരായ വ്യോമ-സമുദ്ര ഉപരോധം പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂ എന്നതായിരുന്നു ഹൂതികളുടെ ഇതുവരെയുള്ള ആവശ്യം. ഈ നിബന്ധനയാണ് സൗദി ഭരണകൂടം അംഗീകരിച്ചിരിക്കുന്നത്. അതേസമയം, വിമാനത്താവളത്തിലൂടെയും തുറമുഖത്തിലൂടെയും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് സൗദി ഉപാധിവച്ചിട്ടുണ്ട്.

തോക്കുകള്‍ പൂര്‍ണമായും നിശ്ശബ്ദമാവണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് വെടിനിര്‍ത്തല്‍ സന്നദ്ധതി പ്രഖ്യാപിച്ച് കൊണ്ട് സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. യമനിലെ സുരക്ഷിതമാക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരത്തിന്റെ മുന്നോടിയാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൂത്തികളാണെന്നും അദ്ദേഹം പറഞ്ഞു. യമനികളുടെ താല്‍പര്യത്തിനാണോ അതോ ഇറാന്റെ താല്‍പര്യത്തിനാണോ ഹൂതികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് തീരുമാനിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സൗദിയുടെ വെടിനിര്‍ത്തല്‍ വാഗ്ദാനത്തില്‍ പുതുതായി ഒന്നുമില്ലെന്ന് ഹൂതികള്‍ അഭിപ്രായപ്പെട്ടു. സനാ വിമാനത്താവളത്തിനും ഹുദൈദ തുറമുഖത്തിനുമെതിരായ മുഴുവന്‍ ഉപരോധവും പിന്‍വലിക്കുകയും സൗദി സഖ്യ സേന പിടിച്ചുവച്ച 14 കപ്പലുകള്‍ വിട്ടുതരികയും ചെയ്യുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നും അതില്‍ കുറഞ്ഞ ഒന്നും അംഗീകരിക്കില്ലെന്നും ഹൂത്തി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം അറിയിച്ചു. സൗദി അറേബ്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാ അതിക്രമങ്ങളും നിര്‍ത്തിവയ്ക്കുകയും ഉപരോധങ്ങളെല്ലാം നിരുപാധികം പിന്‍വലിക്കുകയും വേണം. ഒരു വര്‍ഷത്തിലേറെയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യം പുതുതായി അവതരിപ്പിക്കുന്നതില്‍ കാര്യമില്ലെന്നും ഹൂതി വക്താവ് പറഞ്ഞു.

2014ല്‍ യമനിന്റെ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍ പിടിച്ചെടുത്തതോടെയാണ് യമന്‍ പ്രതിസന്ധി ആരംഭിക്കുന്നത്. ഹാദി സര്‍ക്കാരിനെ പിന്തുണച്ച് സൗദിയും യുഎഇയും രംഗത്തെത്തിയതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. അമേരിക്കയുടെ പിന്തുണയും സൗദി സഖ്യത്തിനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ആക്രമണം തുടര്‍ക്കഥയാണ്.

 

Top