മഴമുന്നറിയിപ്പില്‍ മാറ്റം; തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനതപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കാലവര്‍ഷം കഴിഞ്ഞ് തുലാവര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ് കാലാവസ്ഥയില്‍ ഉണ്ടാകുന്നത്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി വ്യാഴം എന്നീ ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവര്‍ഷം കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ദുര്‍ബലമായത്. ദിവസങ്ങളോളം തുടര്‍ച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ച ശേഷമായിരുന്നു കാലവര്‍ഷം പിന്‍വാങ്ങിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ശരാശരി പകല്‍ താപനില 27-28 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 32-33 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരുന്നു. തുലാവര്‍ഷ മഴയെത്തുമ്പോഴും പകല്‍ സമയത്ത് താപനില ഇതേ നിലയില്‍ തുടരാനാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള മഴ സാധ്യതാ പ്രവചനം കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഇവ പ്രകാരം ഒക്ടോബര്‍ 6 മുതല്‍ 12 വരെയുള്ള ആഴ്ചയില്‍ സാധാരണയില്‍ കുറവ് മഴയും രണ്ടാമത്തെ ആഴ്ചയില്‍ ഒക്ടോബര്‍ 13 മുതല്‍ 19 വരെ സാധാരണ ലഭിക്കുന്നതില്‍ കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തിയത്. തുലാവര്‍ഷം ആരംഭിക്കുന്നതോടെ ഈ മുന്നറിയിപ്പുകളിലും മാറ്റമുണ്ടായേക്കും.

Top