ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കും; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനം കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകും.

കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ 27-08-2021 മുതല്‍ 30-08-2021 വരെ തീയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പറഞ്ഞ തീയ്യതികളില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.

27-08-2021 മുതല്‍ 31-08-2021 വരെ: തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

 

Top