യെദ്യൂരപ്പ സര്‍ക്കാര്‍ വിപുലീകരിച്ചു; 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു:കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിലെ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക, കെ.എസ്. ഈശ്വരപ്പ, സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന്‍ എച്ച്. നാഗേഷ്, മുന്‍ മന്ത്രി ബി. ശ്രീരാമലു തുടങ്ങിയവര്‍ മന്ത്രിസഭയിലുണ്ട്.

മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ 26ന് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിസഭ വികസനം നടന്നിരുന്നില്ല. മന്ത്രിമാരുടെ പട്ടികയില്‍ അന്തിമതീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാന്‍ കാരണം.

കോണ്‍ഗ്രസ്- ജെഡിഎസ് പാര്‍ട്ടികളില്‍നിന്ന് രാജിവച്ച 17 വിമതരില്‍ പത്തു പേര്‍ക്ക് മന്ത്രിസ്ഥാനം നല്കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിമതരെ സ്പീക്കര്‍ അയോഗ്യരാക്കിയ സാഹചര്യത്തില്‍ കാത്തിരിക്കാനാണു ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

Top