പാക് അനുകൂല മുദ്രാവാക്യം; പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന് യെദ്യൂരപ്പ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബെംഗളൂരുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധങ്ങളുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്ന് യെദ്യൂരപ്പ പറഞ്ഞു.

പെണ്‍കുട്ടിയുടെ കയ്യും കാലും ഒടിക്കണമെന്നാണ് അവരുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞത്. അവര്‍ക്കു ജാമ്യം ലഭിക്കില്ലെന്നും അദ്ദേഹം സംരക്ഷിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

ഇത്തരക്കാരെ ഉണ്ടാക്കിയെടുക്കുന്നവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കണമെന്നും കൃത്യമായ അന്വേഷണം നടക്കണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു. അപ്പോള്‍ ആരാണ് അമൂല്യയെ പിന്തുണയ്ക്കുന്നതെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആ പെണ്‍കുട്ടിക്ക് നക്‌സലുകളുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ട്. പെണ്‍കുട്ടി ശിക്ഷിക്കപ്പെടേണ്ട ആളാണ്. കൂടാതെ ഇത്തരം സംഘടനകള്‍ക്കെതിരെയും നടപടിയെടുക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.

ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ ലിയോണ എന്ന യുവതി ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചത്.പെണ്‍കുട്ടിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

വേദിയിലെത്തിയ പെണ്‍കുട്ടി പാകിസ്ഥാന്‍ സിന്ദാബാദ്’ എന്നാണ് മുദ്രാവാക്യം മുഴക്കിയത്. പെണ്‍കുട്ടി മുദ്രാവാക്യം മുഴക്കുന്നതിനിടെ നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ചോദിച്ച് ഒവൈസി എഴുന്നേറ്റു. തുടര്‍ന്ന് പ്രസംഗം തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്യുകയായിരുന്നു. ശത്രുരാജ്യമായ പാക്കിസ്ഥാനെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന് ഒവൈസി പ്രതികരിച്ചു.

അതേസമയം പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമുല്യ ലിയോനയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ഇന്നലെ രാത്രി ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് വീടിന്റെ ജനാലകളും വാതിലുകളും എറിഞ്ഞു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കല്ലേറിനു പിന്നാലെ അമൂല്യയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Top