അസംതൃപ്തരുടെ വീട്ടിലേക്ക് പോയി അവരെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ യെദ്യൂരപ്പയുടെ നിര്‍ദേശം

Yeddyurappa

ബെംഗളൂരു: അസംതൃപ്തരായ കോണ്‍ഗ്രസ്, ജെഡിഎസ് എം.എല്‍.എമാരുടെ വീട്ടിലേക്ക് പോയി അവരെ ബി.ജെ.പിയിലേക്കെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് യെദ്യൂരപ്പയുടെ നിര്‍ദേശം. സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പ്രവര്‍ത്തകര്‍ക്ക് യെദ്യൂരപ്പ എം.എല്‍.എമാരെ ചാക്കിടാനുള്ള പച്ചക്കൊടി കാണിച്ചത്.

അതുവഴി കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നെ ബി.ജെ.പിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയും. രാഷ്ട്രപുരോഗതിക്ക് ഇത് അത്യാവശ്യമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

ജനങ്ങള്‍ ഇപ്പോഴും ബിജെപി അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. കര്‍ണാടകയുടെ പൊതുവികസനത്തിനായി എല്ലാ എംഎല്‍എമാരേയും ബിജെപിയിലേക്ക് ക്ഷണിക്കുന്നു. പാര്‍ട്ടി ക്ഷമയോടെ കാത്തിരിക്കുകയാണ്, തിരക്കിട്ട് ഒരു കാര്യവും ചെയ്യേണ്ടെന്നും നിര്‍ദേശമുണ്ട്. ബിജെപി-ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ടില്‍ പിറന്ന സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ബഡ്ജറ്റ് സെഷന്‍വരെ കാത്തിരിക്കുമെന്നും ശേഷം തുടര്‍പ്രവര്‍ത്തനങ്ങളിലേക്ക് പോവുമെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടുന്നുണ്ട്.

Top