ഭൂരിപക്ഷം ‘ഉറപ്പിച്ച് ‘ബി.ജെ.പി, അന്തം വിട്ട് കോൺഗ്രസ്സും ജെ.ഡി.എസും, ഇനിയാണ് . .

YEDHURAPPA

ബംഗളുരു: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കര്‍ണ്ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കും. വ്യാഴാഴ്ച ഗവർണ്ണർക്ക് മുൻപിൽ യെദിയൂരപ്പ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കും.

115 എം.എല്‍.എമാര്‍ പിന്തുണക്കുന്ന കത്ത് യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് പുറത്തു വരുന്ന വിവരം. സ്വതന്ത്ര എം.എല്‍.എക്ക് പുറമെ കോണ്‍ഗ്രസ്സ് ജെ.ഡി.എസ് എം.എല്‍.എമാരെയും ബി.ജെ.പി വരുതിയിലാക്കിയിട്ടുണ്ട്. ബെല്ലാരിയിലെ റെഡ്ഢി സഹോദരന്‍മാരുടെ സുഹൃത്തുക്കളായ നാഗേന്ദ്ര, ആനന്ദ് സിംഗ് എന്നീ കോണ്‍ഗ്രസ്സ് എം.എല്‍.എമാരും ഇതില്‍ പെടും.

രാവിലെ 10 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി യോഗത്തില്‍ നിന്നും നിരവധി എം.എല്‍.എമാര്‍ വിട്ട് നിന്നതോടെ തന്നെ കോണ്‍ഗ്രസ്സ് നേതാക്കള്‍ അപകടം മുന്നില്‍ കണ്ടിരുന്നു.

ജെ.ഡി.എസ് നേതൃത്വവും വലിയ ആശങ്കയിലാണ്. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ്, സി.ബി.ഐ വിഭാഗങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ആണെന്നതാണ് എം.എല്‍.എമാരുടെ കളം മാറ്റത്തിന് പ്രധാന കാരണം.

സാമ്പത്തിക ഇടപാടുകളില്‍ പലതും മറച്ചു വയ്ക്കാന്‍ ഉണ്ടെന്നതിനാല്‍ റിസ്‌ക്ക് എടുക്കാന്‍ പല കോണ്‍ഗ്രസ്സ്, ജെ.ഡി.എസ് എം.എല്‍.എമാരും തയ്യാറല്ല. മാത്രമല്ല മന്ത്രി സ്ഥാനം ഉള്‍പ്പെടെ വന്‍ ഓഫറുകള്‍ ഇവര്‍ക്ക് മുന്നില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം വച്ചിട്ടുമുണ്ട്.

യെദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുമ്പോള്‍ കൂടുതല്‍ എം.എല്‍.എമാര്‍ കളം വിട്ടു പോകുമെന്ന ഭീതിയും കോണ്‍ഗ്രസ്സ് ജെ.ഡി.എസ് നേതാക്കള്‍ക്കുണ്ട്.

Top