മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുമെന്ന സൂചന നല്‍കി യെദ്യൂരപ്പ

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന സൂചന നല്‍കി ബി.എസ് യെദ്യൂരപ്പ. നേതൃമാറ്റ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വരുന്ന ഏത് നിര്‍ദേശവും അനുസരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ജൂലായ് 26 നകം നേതൃമാറ്റ വിഷയത്തില്‍ ബിജെപി നേതൃത്വം തീരുമാനമെടുത്തേക്കും.

പാര്‍ട്ടിക്ക് തന്നോട് സ്നേഹവായ്പാണ് എന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നത്. ’75 വയസ് കഴിഞ്ഞ ആര്‍ക്കും പദവികള്‍ പാര്‍ട്ടി നല്‍കാറില്ല. 79 വയസുവരെ തന്നെ മുഖ്യമന്ത്രി പദത്തില്‍ ഇരുത്തി. 26 ന് കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമാണ്. 25 ന് ദേശീയ നേതൃത്വത്തില്‍ നിന്ന് എത്തുന്ന നിര്‍ദേശം പാലിക്കും’ – യെദ്യൂരപ്പ പറഞ്ഞു.

ഇളയമകന്‍ വിജയേന്ദ്രയ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യമാണ് ബിജെപി നേതൃത്യം അംഗീകരിക്കാത്തത്. പാര്‍ട്ടി വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ത്ത് ബിജെപി ദേശീയ നേതൃത്വം ആശങ്കയിലാണ്. പദവി ഒഴിയാന്‍ യദ്യൂരപ്പ് തന്നെ തയ്യാറെടുക്കുന്നുവെന്ന സൂചന ആശ്വാസമാകുകയാണ് ബിജെപിക്ക്.

ഇതുവരെ തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. മറ്റാര്‍ക്കെങ്കിലും അവസരം നല്‍കുന്നതിനു വേണ്ടി രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് രണ്ടു മാസം മുമ്പു തന്നെ വ്യക്തമാക്കിയതാണ്. അധികാരത്തില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതിനു വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കും. അതിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ഥിക്കുകയാണ്. നിര്‍ദ്ദേശം ലഭിച്ചാലുടന്‍ രാജിവച്ച് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top