ബിജെപി തന്നെ അവ​ഗണിച്ചിട്ടില്ല, തന്ന അവസരങ്ങൾക്ക് മോദിക്ക് നന്ദി; യെദിയൂരപ്പ

ബം​ഗളൂരു: ബിജെപി തന്നെ മാറ്റിനിർത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. തനിക്ക് അവസരങ്ങൾ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇങ്ങനെ എനിക്ക് സ്ഥാനവും ബഹുമാനവും നൽകുന്നത് കാണുമ്പോൾ, നരേന്ദ്ര മോദിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എനിക്ക് ലഭിച്ച അവസരങ്ങൾ മറക്കാൻ കഴിയില്ല. പാർട്ടി അവസരം നൽകിയതുകൊണ്ടാണ് ഞാൻ നാലു തവണ മുഖ്യമന്ത്രിയായത്. എനിക്ക് ലഭിച്ചത്ര അവസരങ്ങൾ മറ്റാർക്കും ലഭിച്ചിട്ടില്ല”. യെദിയൂരപ്പ സംസ്ഥാന നിയമസഭയിൽ പറഞ്ഞു.

കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തില്ലെന്ന വ്യാമോഹം വേണ്ടെന്നും പ്രതിപക്ഷത്തെ വിമർശിച്ച് യെദിയൂരപ്പ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കാൻ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം കർണാടക നിയമസഭയിൽ ആവർത്തിച്ചു. “തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. പ്രധാനമന്ത്രി മോദി എനിക്ക് നൽകിയ ബഹുമാനം ഓർക്കുമ്പോൾ, പാർട്ടിക്ക് വേണ്ടി എന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കും. അതിൽ സംശയമില്ല”. യെദിയൂരപ്പ തന്റെ പ്രസം​ഗത്തിൽ പറഞ്ഞു. നിയമസഭയിലെ തന്റെ വിടവാങ്ങൽ പ്രസം​ഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top