യെദ്യൂരപ്പയുടെ പേരില്‍ പുറത്ത് വന്ന ഡയറി വ്യാജമെന്ന് ബംഗലൂരു ആദായ നികുതി വകുപ്പ്

ബംഗലൂരു : യെദ്യൂരപ്പയുടെ പേരില്‍ പുറത്ത് വന്ന ഡയറി വ്യാജമെന്ന് ബംഗലൂരു ആദായ നികുതി വകുപ്പ്. കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത രേഖകള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളതെന്നും ഈ ഡയറി വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ തെളിഞ്ഞിട്ടുള്ളതാണെന്നും ബംഗലൂരു ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ബി എസ് ബാലകൃഷ്ണന്‍ അറിയിച്ചു.

ഇപ്പോഴത്തെ സംഭവങ്ങള്‍ മറ്റ് കേസുകളെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നാണ് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രിയാവാൻ 2008 – 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി യെദ്യൂരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയെന്നാണ് കാരവൻ മാഗസിൻ പുറത്ത് വിട്ട ഡയറിയിൽ പറയുന്നത്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി, രാജ്‌നാഥ് സിംഗ് തുടങ്ങിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കളാണ് യെദ്യൂരപ്പയില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രംഗത്തു വന്ന കോണ്‍ഗ്രസ് നേതാവ് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകള്‍ യെദ്യൂരപ്പ രേഖപ്പെടുത്തിയതെന്നായിരുന്നു ആരോപണം.

Top