രണ്ട് മക്കള്‍ക്കും ഉചിതമായ സ്ഥാനം നല്‍കിയാല്‍ രാജിവെയ്ക്കാം; യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറാന്‍ ബി.ജെ.പി. ദേശീയ നേതൃത്വത്തിന് മുന്നില്‍ ഉപാധികളുമായി ബി.എസ്. യെദ്യൂരപ്പ. പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികളില്‍ ഒന്നെന്നാണ് വിവരം.

ഇന്നലെയാണ് യെദ്യൂരപ്പയും മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയും ഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര തിരിച്ചത്. പ്രധാനമന്ത്രിയെ കാണുക, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ചകള്‍ നടത്തുക എന്നീ അജണ്ടകളുമായാണ് യെദ്യൂരപ്പ ഡല്‍ഹിക്ക് പോയത്. ഇന്നാണ് നഡ്ഡയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയത്. ആ ചര്‍ച്ചയിലാണ് യെദ്യൂരപ്പ ഉപാധികള്‍ മുന്നോട്ടുവെച്ചത്.

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു. രണ്ടു മക്കള്‍ക്കും ഉചിതമായ സ്ഥാനം പാര്‍ട്ടിയിലോ അല്ലെങ്കില്‍ സര്‍ക്കാരിലോ നല്‍കുക എന്ന ഉപാധിയാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം.

 

Top