സിൽവർ ലൈൻ പദ്ധതി; കേരള ഘടകവും കേന്ദ്ര നേതൃത്വവുമായി ഭിന്നതയില്ല: സീതാറാം യെച്ചൂരി

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടി കേരള ഘടകവും കേന്ദ്ര നേതൃത്വവുമായി ഭിന്നതയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പിബിയും സംസ്ഥാന ഘടകവും തമ്മിൽ പരസ്പരവിരുദ്ധമായ നിലപാടില്ല. അനാവശ്യ ചോദ്യങ്ങൾ വേണ്ട. അനാവശ്യ വിവാദങ്ങൾ ഉയർത്തരുതെന്നും യെച്ചൂരി കണ്ണൂരിൽ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് മുതിർന്ന പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും അഭിപ്രായപ്പെട്ടു. പിണറായി വിജയനും യെച്ചൂരിയും താനും ഒരേ അഭിപ്രായമാണ് പറയുന്നത്. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം. ഇപ്പോൾ നടക്കുന്ന സാമൂഹികാഘാത പഠനത്തിൽ സിപിഎമ്മിന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് പാർട്ടിയിൽ ഒരു തർക്കവുമില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയപ്രമേയത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിൽത്തന്നെയാണ് പാർട്ടി നിൽക്കുന്നത്. സിപിഎം തികഞ്ഞ ജനാധിപത്യ പാർട്ടിയാണ്. എല്ലാ നയങ്ങളും തീരുമാനിക്കുന്നത് പാർട്ടി അംഗങ്ങളാണ്.

എല്ലാ നേതൃത്വത്തെയും തീരുമാനിക്കുന്നത് പാർട്ടി അംഗങ്ങളാണ്. എല്ലാ വിഷയത്തിലും തുറന്ന് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്ന സമ്പ്രദായമാണ് സിപിഎമ്മിനുള്ളത്. ബന്ധം വേണോയെന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട വിഷയമാണെന്നും എസ്ആർപി പറഞ്ഞു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങൾ ആക്രമോത്സുകമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുകയാണ്. സ്വതന്ത്രമായ വിദേശനയവും ഉപേക്ഷിച്ചിരിക്കുന്നു. ഇക്കാര്യങ്ങളിൽ ആരൊക്കെ ബിജെപിയെ എതിർക്കാൻ തയ്യാറുണ്ടോ, അവരോടൊപ്പം പ്രക്ഷോഭങ്ങളിലും സമരങ്ങളിലും സിപിഎം ഉണ്ടാകുമെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.

Top