Yechuri’s statement about CPIM- Congress coalition in Bengal

yechuri

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് തന്ത്രം പാര്‍ട്ടിനയവുമായി യോജിക്കുന്നതല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ബംഗാളില്‍ പാര്‍ട്ടി നിലപാട് അനുസരിച്ചല്ല സംസ്ഥാന നേതൃത്വം പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസുമായി ഉണ്ടാക്കിയ നീക്കുപോക്ക് പാര്‍ട്ടി നിലപാടിന് എതിരായിരുന്നു.പാര്‍ട്ടി നയം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു. വിലക്കയറ്റം തടയണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 11 മുതല്‍ 17 വരെ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനാണ് സിപിഐഎം തീരുമാനം.രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

ജിഎസ്ടി ബില്ലില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന്‌ യെച്ചൂരി ആവശ്യപ്പെട്ടു. വിദേശ നിക്ഷേപം സംബന്ധിച്ച തീരുമാനങ്ങളില്‍ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്നും യെച്ചൂരി ആരോപിച്ചു.

അതേസമയം, സഖ്യത്തിനെതിരെ കേന്ദ്ര കമ്മിറ്റിയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിനയം ലംഘിച്ച് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ജഗ്മതി സാങ്‌വാന്‍ രാജിവെച്ചിരുന്നു. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ജഗ്മതി കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സെക്രട്ടറി കൂടിയാണ് ജഗ്മതി സാംങ്‌വാന്‍.

തുടര്‍ന്ന് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്‌-സിപിഐഎം ധാരണക്കെതിരെ പ്രതിഷേധിച്ച ജഗ്മതി സാംങ്‌വാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജഗ്മതിയെ പുറത്താക്കുന്നതായി കാണിച്ച് പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ജംഗ്മതി സാംങ്‌വാന്‍ പാര്‍ട്ടിനയത്തില്‍ നിന്ന് വ്യതിചലിച്ചു എന്ന് വ്യക്തമാക്കിയാണ് പോളിറ്റ് ബ്യൂറോ പുറത്താക്കിയത്.

Top