ശബരിമല വിഷയം: ബിജെപിയും യുഡിഎഫും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു എന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയം ബിജെപിയും യുഡിഎഫും ഇടപെട്ട് ഏറെ വഷളാക്കിയെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. വിശ്വാസികളായ അനുഭാവികളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 11 ഇന കര്‍മ്മ പരിപാടിക്കും കേന്ദ്ര കമ്മിറ്റി രൂപം നല്‍കി. 2015ല്‍ കൊല്‍ക്കത്ത പ്‌ളീനം അംഗീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിശ്വാസികളുടെയും പിന്തുണ നഷ്ടമായതാണ് കേരളത്തിലെ തിരിച്ചടിക്ക് കാരണമെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വോട്ട് ചോര്‍ന്നു. അത് തിരിച്ചുപിടിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സംസ്ഥാന ഘടകം കണ്ടെത്തണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തി വിശ്വാസികളെ തിരിച്ചുകൊണ്ടുവരണമെന്നും കേന്ദ്ര കമ്മറ്റി പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കേരളത്തിനൊപ്പം പശ്ചിമബംഗാളിലും തൃപുരയിലും സീറ്റ് പിടിക്കാന്‍ 11 ഇന കര്‍മ്മ പരിപാടിക്കും കേന്ദ്ര കമ്മിറ്റി രൂപം നല്‍കി. പാര്‍ട്ടി അടിത്തറ ശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇടത് ഐക്യം, ബി.ജെ.പിക്കെതിരെ മതേതര കൂട്ടായ്മ എന്നിവ ഉള്‍പ്പെടുന്നതാണ് കര്‍മ്മ പരിപാടി.

Top