ഡല്‍ഹി കലാപം; പ്രതികള്‍ക്കു പകരം ഇരകള്‍ക്കെതിരെ കേസെന്ന് യെച്ചൂരി

yechuri

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ഗൂഢാലോചനയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആക്രമണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന് പകരം ആക്രമണത്തിന്റെ ഇരകള്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.

സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ കലാപവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമമാണ് ഉണ്ടായത്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെയാണ് പിന്നീട് അറസ്റ്റ് ചെയ്ത് കേസ് ചുമത്തിയത്. എന്നാല്‍ ഡല്‍ഹി കലാപത്തിന്റെ യഥാര്‍ഥ പ്രതികള്‍ പുറത്ത് വിലസി നടക്കുകയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഡല്‍ഹി കലാപത്തെ തിരുകിക്കയറ്റാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിലുള്ളത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണ് ഈ നടപടി. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് സിഎഎ വിരുദ്ധപ്രക്ഷോഭകരാണ് ഡല്‍ഹിയിലെ കലാപത്തിന് പിന്നില്‍ എന്നാണ്. ഒരു അന്വേഷണവും നടത്താതെയാണ് അവര്‍ ഇക്കാര്യം തീരുമാനിച്ചത്.

53 പേര്‍ക്ക് ജീവന്‍ നഷ്ടമായ, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായ ഡല്‍ഹി കലാപത്തിന്റെ എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട ജഡ്ജിയെ അന്ന് രാത്രി തന്നെ സ്ഥലം മാറ്റുന്ന സ്ഥിതിയാണ് ഉണ്ടായത്.
നേരത്തെ എഴുതിത്തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥ പ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത്. അത് സ്വീകര്യമായ കാര്യമല്ല. പകരം ഈ കേസില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് ഉത്തരവിടേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

Top