ഒരു സാധാരണ പൊലീസുകാരന് പോലും തോന്നിയ വിവേകം അയാൾക്കുണ്ടായില്ല !

ര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരേ സമയം അഭിമാനവും അപമാനവുമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നുമായി അജീവാനന്തകാലം പ്രതിമാസം 1,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അഭിമാനമായത് ഒരു സാധാരണ പൊലീസുകാരനാണ്. അതേസമയം പിരിച്ച പണം പോലും നല്‍കാതെ കെ.എസ്.ഇ.ബി അധികൃതര്‍ നാടിന് അപമാനമായും മാറിക്കഴിഞ്ഞു.

ഒന്നാം പ്രളയകാലത്ത് സമാഹരിച്ച 126 കോടി രൂപ കെ.എസ്.ഇ.ബി അധികൃതര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ല എന്നത് ഞെട്ടിക്കുന്ന വിവരമാണ്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണം. ഇതുപോലെ പ്രളയ ഫണ്ട് പിരിച്ച് വെട്ടിച്ച മറ്റ് സംഭവങ്ങളെക്കുറിച്ചും അന്വേഷണം അനിവാര്യമാണ്.

സാലറി ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു വര്‍ഷം കൊണ്ടാണ് 126 കോടി രൂപ കെ.എസ്.ഇ.ബി പിടിച്ചത്. ഈ തുകയില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. എന്നാല്‍, ഇതില്‍ നിന്നും 126 കോടി രൂപ ഇതുവരെയും നല്‍കിയിട്ടില്ല. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസം കൊണ്ടാണ് തുക പിരിച്ചിരിക്കുന്നത്.

ജീവനക്കാര്‍ തങ്ങളുടെ സ്വന്തം ശമ്പളത്തില്‍ നിന്ന് നല്‍കിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടില്ലെന്നു വ്യക്തം. 2019 മാര്‍ച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ബോര്‍ഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്ന് മാസവും ശരാശരി 14.65 കോടി വീതമാണ് ബോര്‍ഡ് പിടിച്ചെടുത്തിരിക്കുന്നത്. ഓരോ മാസവും ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. എന്നാല്‍ ഇതാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് സാലറി ചലഞ്ചിലൂടെ ജീവനക്കാര്‍ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം 10 മാസ തവണകളായി നല്‍കിയിരുന്നത്. ഇടതുപക്ഷ യൂണിയന്‍ അംഗങ്ങളില്‍ 99 ശതമാനവും ചാലഞ്ചില്‍ പങ്കാളികളായി. കെ.എസ്.ഇ.ബി വക 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49. 5 കോടി രൂപ മാത്രമാണ് 2018 സെപ്റ്റംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് നേരത്തെ കൈമാറിയിരുന്നത്.

സാലറി ചലഞ്ച് വഴി സമാഹരിച്ച 126 കോടി രൂപയാണ് കെ.എസ്.ഇ.ബി അധികൃതര്‍ മനപൂര്‍വ്വം നല്‍കാതിരിക്കുന്നത്. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം നല്‍കാതിരുന്നതെന്ന ബോര്‍ഡ് ചെയര്‍മാന്റെ വാദം തന്നെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം ജീവനക്കാരെ വഞ്ചിക്കുന്ന ഏര്‍പ്പാടാണിത്.

ജീവനും മരണത്തിനും ഇടയില്‍ പിടയുന്ന പതിനായിരങ്ങള്‍ ഉണ്ട് കേരളത്തില്‍. പ്രളയബാധിതരായ അവര്‍ക്കു വേണ്ടിയാണ് ജീവനക്കാര്‍ 126 കോടി നല്‍കിയത്. അല്ലാതെ കെ.എസ്.ഇ.ബിയുടെ സാമ്പത്തിക സ്ഥിതി പരിഹരിക്കാനല്ല. സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെങ്കില്‍ അതിന് കാരണക്കാര്‍ ബോര്‍ഡ് അധികൃതരാണ്. നിങ്ങള്‍ ശരിയല്ലാത്തത് കൊണ്ടാണ് സ്ഥാപനം കടക്കെണിയിലാകുന്നത്. സംസ്ഥാന സര്‍ക്കാറും വൈദ്യുതി ബോര്‍ഡുമാണ് ഇത്തരം പ്രയാസങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. അതിന് പ്രളയബാധിതരെ ബലിയാടാക്കിയത് ഒരിക്കലും നീതീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. ഈ തെറ്റിനെ നിസാരമായി കാണാന്‍ കഴിയുകയില്ല.

ഓമനക്കുട്ടനെതിരെ കേസെടുത്ത നിയമം യഥാര്‍ത്ഥത്തില്‍ കേസെടുക്കേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനെതിരെയാണ്. പ്രളയ ദുരിതാശ്യാസ നിധിയിലേക്ക് പണം പിരിച്ചിട്ട് നല്‍കിയില്ലെന്നത് ഗുരുതരമായ കുറ്റമാണ്. ഓട്ടോയ്ക്ക് അരി കൊണ്ടുവരാന്‍ 75 രൂപ പിരിവെടുത്ത ഓമനക്കുട്ടനെ തേജോവധം ചെയ്യാന്‍ മത്സരിച്ച മാധ്യമങ്ങള്‍ ഇക്കാര്യത്തിലാണ് ശരിക്കും പ്രതികരിക്കേണ്ടത്. കെ.എസ്.ഇ.ബിയെ പോലെ ജനങ്ങളെ വഞ്ചിച്ച മറ്റ് സ്ഥാപനങ്ങളുണ്ടെങ്കില്‍ അതിനേയും തുറന്ന് കാട്ടാന്‍ തയ്യാറാവണം. ഇക്കാര്യത്തിലാണ് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നടത്തേണ്ടത്.

വൈദ്യുതി ഉപഭോക്താക്കള്‍ ബില്ല് അടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ ഫ്യൂസ് ഊരി പ്രതികാരം ചെയ്യുന്ന വിഭാഗമാണ് കെ.എസ്.ഇ.ബി. സാധാരണക്കാരായ ഉപഭോക്താക്കളില്‍ ഒരാള്‍ പോലും കുടിശ്ശിക മിച്ചം വയ്ക്കാറില്ല. അതിന് കെ.എസ്.ഇ.ബി ഒട്ടും സമ്മതിക്കാറുമില്ല.

എന്നിട്ടും കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ അത് വന്‍കിട കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക മൂലമായിരിക്കും. ഏത് സര്‍ക്കാര്‍ ഭരിച്ചാലും വന്‍കിടക്കാര്‍ക്ക് മറ്റൊരു നിയമവും സാധാരണക്കാര്‍ക്ക് മറ്റൊരു നിയമവുമാണ് നടപ്പാക്കുന്നത്. ഇതിനാണ് ആദ്യം മാറ്റം വരുത്തേണ്ടത്. കെ.എസ്.ഇ.ബിയുടെ നിലവിലെ സിസ്റ്റം തന്നെ പൊളിച്ചെഴുതാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള ഇവിടെ കണ്ടു പഠിക്കേണ്ടത് പൊലീസുകാരനായ കെ.ജി ദിലീപിനെയാണ്. കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയായ ഈ ഉദ്യോഗസ്ഥന്‍ തന്റെ ശമ്പളത്തില്‍ നിന്ന് അജീവാനന്ത കാലം 1,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഇതു സംബന്ധമായ അപേക്ഷ അദ്ദേഹം നല്‍കിയും കഴിഞ്ഞു.

മുന്‍പ് ഓഖിഫണ്ടിലും, ഒന്നാം പ്രളയകാലത്തെ സാലറി ചലഞ്ചിലും ഈ പൊലീസുകാരന്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രളയബാധിതരുടെ കണ്ണീര്‍ കാക്കിയിലെ ഈ കരുണ ഹൃദയം പോലും കണ്ടപ്പോള്‍ അത് കാണാതെ പോയത് കെ.എസ്.ഇ.ബിയുടെ ചെയര്‍മാനാണ്. ജീവനക്കാര്‍ നല്‍കിയ തുകയില്‍ 126 കോടിയും നല്‍കാതെയാണിപ്പോള്‍ ഇത്തരക്കാര്‍ വിശ്വരൂപം കാട്ടിയിരിക്കുന്നത്.

കേരളത്തിലാണ് ഇതെല്ലാം നടക്കുന്നത് എന്നാലോചിക്കുമ്പോള്‍ അന്തം വിടുകയേ നിവര്‍ത്തിയുള്ളൂ. പ്രതികരണ ശേഷി നഷ്ടപ്പെടാത്തവര്‍ ഉണ്ടെങ്കില്‍ ഇതിനെതിരെയാണ് ശരിക്കും പ്രതികരിക്കേണ്ടത്. പ്രളയബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലും മാനസികമായി വിഷമിപ്പിക്കുന്ന നടപടിയാണിത്.

കഴിഞ്ഞ പ്രളയകാലത്തെ സഹായം എന്തുകൊണ്ട് ഇത്തവണ ലഭിക്കുന്നില്ലെന്ന് ചര്‍ച്ച നടത്തുന്നവര്‍ ഇക്കാര്യത്തിലാണ് ആദ്യം നടപടി സ്വീകരിക്കേണ്ടത്. പിരിച്ച പണം പോലും പ്രളയബാധിതര്‍ക്ക് എത്തിക്കാന്‍ കെ.എസ്.ഇ.ബി പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ മറ്റുള്ളവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

അതിജീവനത്തിനു വേണ്ടിയാണ് നാട് പോരാടുന്നത്. അവിടെ കരിങ്കാലി പണി കാണിച്ചത് ഏത് സ്ഥാപനമായാലും ഉന്നതനായാലും നടപടി ഉണ്ടായേ പറ്റൂ. അപ്പോള്‍ മാത്രമേ ഇതു സംബന്ധമായ ആശങ്കകള്‍ക്ക് വിരാമമാവുകയുള്ളൂ.

Political Reporter

Top