ന്യൂയോര്‍ക്ക്: ഐഎസിന്റെ ക്രൂരമുഖം യുഎന്‍ രക്ഷാസമിതിയില്‍ തുറന്ന് കാട്ടി ഇരുപത്തൊന്നുകാരി. ഇറാഖിലെയും സിറിയയിലെയും ഗ്രാമങ്ങളില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ‘കൈമുതലാക്കി’ലൈംഗിക അടിമകളാക്കിയ ആയിരക്കണക്കിന് സത്രീകളുടെ പ്രതിനിധിയായി നാദിയ താഹ പിന്നിട്ട തീഷ്ണമായ ജീവിത അനുഭവം വിവരിച്ചപ്പോള്‍ കേട്ടിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
ഇറാഖിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ഈ യസീദി വംശജയെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഭീകരരുടെ ശക്തികേന്ദ്രമായ മൊസൂള്‍ നഗരത്തിലെ ഒരു കെട്ടിടത്തിലേക്കാണ് അവളെ കൊണ്ടുപോയത്. ഭീകരര്‍ തട്ടിക്കൊണ്ടുവന്ന ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും അവിടെ ഉണ്ടായിരുന്നു. ഭീകരരില്‍ ഒരാള്‍ അവളോട് അണിഞ്ഞൊരുങ്ങി വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ക്രൂരമാനഭംഗം.
സൈനികസേവനത്തിനും നിര്‍ബന്ധിച്ച ആ ഭീകരന്‍ എല്ലാ ദിവസവും തന്നെ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് നാദിയ വെളിപ്പെടുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കാവല്‍ക്കാര്‍ തടഞ്ഞു. ശിക്ഷയായി, അവര്‍ അവളെ വിവസ്ത്രയാക്കി ബോധംകെടുവോളം പീഡനത്തിനിരയാക്കി. നീണ്ട മൂന്നു മാസമാണ് ഐഎസ് തടവറയില്‍ നാദിയ അടിമയായി കഴിഞ്ഞത്. സഹോദരന്മാരില്‍ പലരെയും ഭീകരര്‍ വധിച്ചു. ഐഎസ് തടവറയില്‍നിന്നു രക്ഷപ്പെട്ടയുടന്‍ ഇറാഖ് വിട്ട യുവതി ഇപ്പോള്‍ ജര്‍മനിയിലാണു താമസം.
രക്ഷാസമിതി അധ്യക്ഷ സാമന്ത പവര്‍ ഒരു സഹോദരിയെപ്പോലെ നാദിയയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. ആയിരക്കണക്കിനു യസീദി സ്ത്രീകളുടെ പ്രതിനിധിയായി സ്വന്തം ജീവിതകഥ വിവരിച്ച നാദിയ, എത്രയും വേഗം ഐഎസിനെ ഉന്മൂലനം ചെയ്യണമെന്നാണ് രക്ഷാസമിതി അംഗങ്ങളോട് വികാരാധീനയായി ആവശ്യപ്പെട്ടത്.



