റബര്‍ സ്റ്റാംപായി പ്രവര്‍ത്തിക്കുന്നത് ആര്‍ക്ക് വേണ്ടി ? യതീഷ് ചന്ദ്രയെ ആക്ഷേപിച്ച് സംഘടനാ നേതാവ്

തൃശൂര്‍ : പൊലീസ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയെ വാട്‌സാപ്പ് പോസ്റ്റിലൂടെ അപമാനിച്ച് പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി. സൊസൈറ്റിയില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്കു നടന്ന നിയമനവുമായി ബന്ധപ്പെട്ടാണ് പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സംഘടനാ നേതാവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അസോസിയേഷന്റെ മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ ആശ്രിതനെ നിയമിച്ചതിന് പിന്നില്‍ സാമ്പത്തിക അഴിമതി ആരോപിച്ചാണ് വാട്‌സാപ്പില്‍ പോസ്റ്റ്. എന്നാല്‍, സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയല്ലെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയെ അപമാനിച്ചിരിക്കുന്നത്.

ആര്‍ക്കുവേണ്ടിയാണ് റബര്‍ സ്റ്റാംപായി സൊസൈറ്റി പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് നേതാവിന്റെ ചോദ്യം. നിയമനം ലഭിച്ചയാളില്‍ നിന്ന് എത്ര പണം വാങ്ങി എന്നത് അന്വേഷണം നടത്തേണ്ട കാര്യമല്ലേ എന്നും പോസ്റ്റില്‍ ചോദിക്കുന്നു.

സംഭവത്തില്‍ അസോസിയേഷന്‍ നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍ പ്രസിഡന്റ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

Top