തൃശൂര്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ സ്ഥലം മാറ്റത്തില്‍ വ്യാപക പ്രതിഷേധം . . .

തൃശുര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയ നടപടിയില്‍ സേനക്കകത്തും പുറത്തും വന്‍ പ്രതിഷേധം.

മികച്ച ഉദ്യോഗസ്ഥനെന്ന് ഇതിനകം തന്നെ പേരെടുത്ത യതീഷ് ചന്ദ്രയെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഐ.ടി വിദഗ്ദന്‍ കൂടിയായ യതീഷ് ചന്ദ്രക്ക് സൈബര്‍ ക്രൈം പൊലീസിന്റെ അധിക ചുമതല കൂടി നല്‍കി പൊലീസ് ആസ്ഥാനത്തെ എസ്.പിയായാണ് നിയമിച്ചിരിക്കുന്നത്. ഡി.ജി.പിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ് ഈ നിയമനമെന്നാണ് അറിയുന്നത്.

അതേസമയം ക്രമസമാധാന ചുമതലയില്‍ തിളങ്ങുന്ന യതീഷിനെ പോലെയുള്ളവരെ സ്ഥലം മാറ്റുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്ന അഭിപ്രായമാണ് പൊലീസ് സേനക്കകത്തുള്ളത്.ഭരണപക്ഷത്ത് മാത്രമല്ല, പ്രതിപക്ഷത്തെ ഒരു വിഭാഗത്തിലും ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പുണ്ട്. രാഷ്ട്രിയത്തിന് അതീതമായ ഒരു സ്വാധീനം ജനങ്ങള്‍ക്കിടയില്‍ നേടിയെടുക്കാന്‍ ഇതിനകം തന്നെ ഈ യുവ ഐ.പി.എസുകാരന് കഴിഞ്ഞിട്ടുണ്ട്. ത്യശൂരിലെ പൊലീസുകാര്‍ക്ക് മാത്രമല്ല, ഇവിടുത്തെ ജനങ്ങള്‍ക്കും ശരിക്കും ഒരു അഭിമാനവും ഹീറോയും ഒക്കെയാണ് യതീഷ് ചന്ദ്ര . ഇത്രക്കും ജനകീയ പിന്തുണ മറ്റൊരു യുവ ഉദ്യോഗസ്ഥനും നാളിതുവരെ സംസ്ഥാനത്ത് ലഭിച്ചിട്ടുമില്ല.

അതുകൊണ്ട് തന്നെയാണ് സ്ഥലമാറ്റ വാര്‍ത്ത വന്നപ്പോള്‍ സകലരും അമ്പരന്ന് പോയത്.സാധാരണക്കാര്‍ മുതല്‍ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരുടെ വരെ പരാതികള്‍ക്ക് തുല്യ പ്രാധാന്യമാണ് യതീഷ് ചന്ദ്രനല്‍കിയിരുന്നത്. നടപടികളും വേഗത്തിലായിരുന്നു. ചെറുപ്പക്കാരനായ എസ്.പി ലൈവായി ഇറങ്ങുമ്പോള്‍ സേനയും ഉഷാറാകും എന്നതിന് തൃശൂര്‍ ഒന്നാന്തരം ഒരു ഉദാഹരണമാണ്.എ.സി റൂമില്‍ ഇരുന്ന് വയര്‍ലെസില്‍ മാത്രം പൊലീസിനെ നിയന്ത്രിക്കുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ഈ കമ്മീഷണര്‍.

പ്രളയം തൃശൂര്‍ ജില്ലയില്‍ വലിയ നാശം വിതച്ചപ്പോഴും കാക്കിക്കുള്ളിലെ കാരുണ്യം കേരളം കണ്ടു. യതീഷ് ചന്ദ്രയുടെ മേല്‍നേട്ടത്തില്‍ വലിയ രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് തൃശൂരില്‍ നടന്നത്. ജില്ലാകണ്‍ട്രോള്‍ റൂമിന്റെ ചുമതലയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും എല്ലാം യതീഷ് ചന്ദ്രയായിരുന്നു. ഐ.ജിയും കമ്മീഷണറും ലൈവായി സാധാരണക്കാര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

ഇതിനു ശേഷം ശബരിമല പ്രക്ഷോഭകാലത്ത് നിലയ്ക്കലില്‍ ചുമതലയുണ്ടായപ്പോള്‍ യതീഷ് ചന്ദ്ര വിവാദ നായകനായാണ് മാറിയത്.

നിരോധനാജ്ഞ ലംഘിച്ചതിന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.

പിന്നീട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായുണ്ടായ തര്‍ക്കം ദേശീയ തലത്തിലും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് മന്ത്രി ചോദ്യം ചെയ്തപ്പോള്‍ , ‘ഉത്തരവാദിത്വം ഏറ്റെടുക്കുമോ’യെന്ന യതീഷ് ചന്ദ്രയുടെ ചോദ്യമാണ് വിവാദമായത്. ദേശീയ മാധ്യമങ്ങളിലടക്കം ഈ സംഭവം വലിയ വാര്‍ത്ത ആയിരുന്നു. മന്ത്രിയെ നിയമം പഠിപ്പിച്ച പുലിക്കുട്ടി എന്ന പേരും യതീഷിന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ചാര്‍ത്തി നല്‍കുകയുണ്ടായി.

ഇതിനുശേഷം കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ക്ക് മുന്‍പാകെ യതിഷ് ചന്ദ്രക്കെതിരെ പരാതിയും നല്‍കിയിരുന്നു.എന്നാല്‍ വ്യക്തിപരമായ കാര്യത്തിന് കേരളത്തില്‍ വന്ന കേന്ദ്ര മന്ത്രി, അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയാല്‍ അതിന്‍മേല്‍ നടപടി സാധ്യമല്ലന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. യതീഷ് ചന്ദ്ര കേന്ദ്ര മന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു എന്നാണ് പൊലീസ് കേന്ദ്രങ്ങളും വ്യക്തമാക്കിയിരുന്നത്. ഈ വിഷയത്തില്‍ യതീഷ് ചന്ദ്രയെ പൂര്‍ണ്ണമായും പിന്തുണക്കുന്ന നിലപാടാണ് ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാറും സ്വീകരിച്ചത്.

ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചപ്പോഴും യതീഷ് ചന്ദ്രയെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ പൊലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവരെ ആഭ്യന്തര വകുപ്പ് പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. കര്‍ക്കശക്കാരനായ മനോജ് എബ്രഹാമിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി ആക്കിയതും പൊലീസില്‍ ഒരു പൊളിച്ചെഴുത്ത് ലക്ഷ്യമിട്ട് തന്നെയാണ്. സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസര്‍ ചുമതലയും മനോജ് എബ്രഹാമിനു തന്നെയാണ്.

സൈബര്‍ കുറ്റകൃത്യം പടരുകയും സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ മേഖല ശുദ്ധീകരിക്കുകയാകും ഇനി യതീഷ് ചന്ദ്രയുടെയും ആദ്യ ദൗത്യം.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം കൊണ്ടുവരാനും ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധമായ നിര്‍ദ്ദേശത്തില്‍ പുതിയ എസ്.പിയാകും ഇനി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Top