എസ്.പി യതീഷ് ചന്ദ്രയോട് കേന്ദ്രമന്ത്രി കയർത്ത് സംസാരിക്കുന്നത് പുറത്തായി

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയോട് കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യം പുറത്തായി.

യതീഷ് ചന്ദ്ര മന്ത്രിയോട് തട്ടി കയറി സംസാരിച്ചുവെന്ന് പറയുന്ന ബി.ജെ.പി നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയാണ് ദൃശ്യത്തിലെ മന്ത്രിയുടെ ‘ഭാവ’ പ്രകടനം. വിരല്‍ ചൂണ്ടിയാണ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഐ.പി.എസ് ഓഫീസറായ യതീഷ് ചന്ദ്രയോട് സംസാരിക്കുന്നത്.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ക്രമസമാധാന ചുമതലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ നേരിട്ട് ശാസിക്കാനോ നിര്‍ദ്ദേശം നല്‍കാനോ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് അവകാശമില്ല.

സംസ്ഥാന മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരോട് കാര്യങ്ങള്‍ അവതരിപ്പിക്കാമെന്നിരിക്കെ എന്തിന് യുവ ഐ.പി.എസ് ഓഫീസറോട് മന്ത്രി ഇങ്ങനെ സംസാരിച്ചു എന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നത്.

യതീഷ് ചന്ദ്രയല്ല പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടതെന്ന് തീരുമാനിച്ചതും 144 പ്രഖ്യാപിച്ചതുമെന്നും അറിയാമായിരുന്നിട്ടും കേന്ദ്രമന്ത്രി ഇത്തരം തെറ്റായ നിലപാട് സ്വീകരിച്ചത് ബി.ജെ.പി അജണ്ടയുടെ ഭാഗമായാണെന്നാണ് സി.പി.എമ്മും ആരോപിക്കുന്നത്.

yatheesh chandra

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് തട്ടിക്കയറിയതിനു പിന്നിലെ താല്‍പ്പര്യം സംഘര്‍ഷം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

നിലയ്ക്കലില്‍ നിന്നും മന്ത്രിയുടെ വാഹനം കടത്തിവിടാമെന്ന് പറഞ്ഞിട്ടും അത് പരിഗണിക്കാതെ കൂടെ ഉള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് കേന്ദ്ര മന്ത്രി തന്നെ ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യതീഷ് ചന്ദ്ര സ്വീകരിച്ചിരുന്നത്.

സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് പോയാല്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും അങ്ങനെയായാല്‍ അതിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോ എന്ന യെതീഷ് ചന്ദ്രയുടെ ചോദ്യം ശരിക്കും മന്ത്രിയെയും കൂടി നിന്നവരെയും അമ്പരപ്പിച്ചു കളഞ്ഞു.

yatheesh 2

അതേസമയം, ശബരിമലയില്‍ നിന്ന് തിരിച്ചു വരുന്ന മന്ത്രിയുടെ വാഹനം തടഞ്ഞു എന്ന ബിജെപി വാദവും ഇതിനകം പൊളിഞ്ഞിട്ടുണ്ട്. മന്ത്രിയുടെ വാഹന വ്യൂഹത്തിലെ അവസാന വാഹനമാണ് പോലീസ് പരിശോധിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ അതില്‍ ഉണ്ടായിരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

അവതരണം: എ.ടി അശ്വതി

Top