ഒരു പാര്‍ട്ടിയിലും ചേരില്ല, സ്വതന്ത്രനായി തുടരുമെന്ന് യശ്വന്ത് സിന്‍ഹ

താന്‍ ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും സ്വതന്ത്രനായി തുടരുമെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്ന യശ്വന്ത് സിന്‍ഹ. ഇനിയുള്ള പൊതുജീവിതത്തിൽ എന്തുപങ്ക് വഹിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും യശ്വന്ത് സിന്‍ഹ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ ഉപാധ്യക്ഷനായിരുന്ന യശ്വന്ത് സിന്‍ഹ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതിന്‍റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. തൃണമൂലും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ഥിയായിരുന്നു യശ്വന്ത് സിന്‍ഹ. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനോടാണ് പരാജയപ്പെട്ടത്.

യശ്വന്ത് സിന്‍ഹ നേരത്തെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2018ല്‍ ബി.ജെ.പി വിട്ട യശ്വന്ത് സിന്‍ഹ, പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനായി. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2021ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. “എത്രത്തോളം സജീവമായി തുടരാന്‍ പറ്റുമെന്ന് നോക്കണം. എനിക്ക് ഇപ്പോൾ 84 വയസ്സുണ്ട്. അതൊരു പ്രശ്നമാണ്. എനിക്ക് എത്രനാൾ തുടരാൻ കഴിയുമെന്ന് നോക്കണം”- യശ്വന്ത് സിന്‍ഹ പറഞ്ഞു.

Top