യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്തി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനിലെത്തിയാണ് മുന്‍ ബിജെപി നേതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ഡെറിക് ഒ ബ്രയന്‍, സുദീപ് ബന്ദോപാധ്യയ, സുബ്രത മുഖര്‍ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യശ്വന്തിനെ പോലെയൊരാള്‍ പാര്‍ട്ടിയുടെ ഭാഗമാകുന്നില്‍ അഭിമാനമുണ്ടെന്ന് സുബ്രത മുഖര്‍ജി പ്രതികരിച്ചു.

അംഗത്വമെടുക്കുന്നതിന് മുമ്പ് യശ്വന്ത് സിന്‍ഹ മമതയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ജനാധിപത്യത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള യുദ്ധമാണെന്ന് അംഗത്വമെടുത്തശേഷം സിന്‍ഹ പ്രതികരിച്ചു. 1998 മുതല്‍ 2002-വരെ വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും 2002 ജൂലൈ മുതല്‍ 2004 മേയ് വരെ അതേ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയുമായിരുന്നു സിന്‍ഹ.

2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതലാണ് സിന്‍ഹയും ബിജെപിയുമുള്ള തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. 2018ല്‍ ബിജെപി വിട്ടു. 1960 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിന്‍ഹ. 24 വര്‍ഷത്തെ സര്‍വ്വീസിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

1984ല്‍ ജനതാപാര്‍ട്ടി അംഗത്വമെടുത്തു 1986ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി അതേ വര്‍ഷം രാജ്യസഭയിലുമെത്തി. 1989-ല്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി. പിന്നീട് 1990ല്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരില്‍ ധനകാര്യമന്ത്രിയായി. 1996ലാണ് യശ്വന്ത് സിന്‍ഹ ജനതാദള്‍ വിട്ട് ബിജെപിയിലെത്തിയത്.

 

Top