ധാരാളം കാറുകള്‍ വില്‍ക്കുന്നത് വികസനമല്ല, മോദിയെ കളിയാക്കി ബി.ജെ.പി നേതാവ് . .

മുംബൈ : സംഘപരിവാറിനെയും ബി.ജെ.പിയെയും വെട്ടിലാക്കി വീണ്ടും പ്രധാനമന്ത്രി മോദിക്കെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്ത്.

‘നമ്മുടെ ഭരണത്തലവന്‍ അടുത്തിടെ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തില്‍ കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യയുടെ വികസനത്തെക്കുറിച്ചു പ്രതിപാദിച്ചു. അനേകം കാറുകളും മോട്ടോര്‍ സൈക്കിളുകളും വില്‍ക്കുന്നതായും പറഞ്ഞു’ അതാണോ രാജ്യത്തിന്റെ വികസനത്തിന്റെ അര്‍ഥം? ശരിയാണ്, വില്‍പനയുണ്ട്. എന്നാല്‍ എന്തെങ്കിലും നിര്‍മാണം ഇവിടെ നടക്കുന്നുണ്ടോ? –സിന്‍ഹ ചോദിച്ചു.

വിദര്‍ഭയില്‍ കര്‍ഷകരുടെ എന്‍ജിഒ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ പരിഹാസം.

ഈ വേദിയില്‍ നോട്ടുനിരോധനത്തെക്കുറിച്ചു താനധികം സംസാരിക്കുന്നില്ല. അല്ലെങ്കിലും പരാജയപ്പെട്ട ഒരു സംവിധാനത്തെപ്പറ്റി എന്തു പറയാനാവും. ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍, രാജ്യത്ത് നികുതി ഭീകരത, റെയ്ഡ് രാജ് എന്നിങ്ങനെ സര്‍ക്കാരിനെതിരെ വലിയ ആരോപണമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ പോക്കിനെക്കുറിച്ചു പറയാന്‍ വാക്കുകളില്ല. ഭീകരത എന്നുമാത്രമാണു വിശേഷിപ്പിക്കാനാവുക.

നല്ലതും ലളിതവുമായ നികുതി (ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്‌സ്) എന്നാണ് ജിഎസ്ടിയെക്കുറിച്ചു പ്രധാനമന്ത്രിയും കേന്ദ്രവും പറഞ്ഞത്. പക്ഷേ മോശവും സങ്കീര്‍ണവുമായ നികുതിയായി ജിഎസ്ടി മാറി. ജിഎസ്ടിയിലെ തടസ്സങ്ങള്‍ നീക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ജാര്‍ഖണ്ഡില്‍നിന്നാണു ഞാന്‍ വരുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യാത്ത സ്ഥലമായിരുന്നു. പക്ഷേ, അവിടെ ഇപ്പോള്‍ എത്ര കര്‍ഷകരാണു ജീവനൊടുക്കുന്നത്? – ആശങ്കയോടെ സിന്‍ഹ ചോദിച്ചു.

രാജ്ശക്തിക്ക് (സര്‍ക്കാര്‍) എതിരെ ലോക്ശക്തിക്ക് (ജനശക്തി) സിന്‍ഹ ആഹ്വാനം ചെയ്തു.

സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനെ ഉദ്ധരിച്ചാണു കേന്ദ്ര സര്‍ക്കാരിനെതിരെ ജനശക്തി ഉണരണമെന്ന് സിന്‍ഹ ആഹ്വാനം ചെയ്തത്. അകോളയിലെ ഈ സമ്മേളനം ജനശക്തിയുടെ തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മള്‍ സാമ്പത്തിക മാന്ദ്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കണക്കുകളും അതാണു തെളിയിക്കുന്നത്’– സിന്‍ഹ ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന നേതാവിന്റെ അടിക്കടിയുള്ള ഈ പരസ്യ വിമര്‍ശനങ്ങള്‍ ബി.ജെ.പി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ക്ക് തലവേദനയാണിപ്പോള്‍.

Top