സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തം നീട്ടി യഷ്; 5000 രൂപ നല്‍കും

ബംഗളൂരു: കൊവിഡ് മൂലം പ്രതിസന്ധിയിലായ സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തം നീട്ടി കന്നട നടന്‍ യഷ്. സഹപ്രവര്‍ത്തകര്‍ക്ക് സാമ്പത്തികമായി സഹായം നല്‍കുമെന്ന് യഷ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതൊടെ 21 വിഭാഗങ്ങളിലായി മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് പ്രതിസന്ധി അനുഭവിക്കുന്നത്. ഇവര്‍ക്ക് 5000 രൂപ വീതം നല്‍കും. അക്കൗണ്ടുകളിലേക്കായിരിക്കും ഈ തുക നിക്ഷേപിക്കുക.

കന്നഡ സിനിമാ മേഖലയെയും ഈ കൊവിഡ് മഹാമാരി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയ്ക്ക് ആശ്വാസമെന്ന നിലയില്‍ 21 വിഭാഗങ്ങളിലെ മൂവായിരത്തോളം പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ വഴി 5000 രൂപ നല്‍കും. സാഹചര്യം ഉണ്ടാക്കിയ വിഷമ ഘട്ടം തരണം ചെയ്യാന്‍ ഈ ചെറിയ സഹായം മതിയാകില്ലെന്ന് അറിയാം. പക്ഷെ അതൊരു പ്രതീക്ഷയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

 

Top