കനത്തമഴയെ തുടര്‍ന്ന് യമുന വീണ്ടും കരകവിഞ്ഞു; ഡല്‍ഹിയില്‍ വെള്ളക്കെട്ട് രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്തമഴ തുടര്‍ന്നു. യമുന നദി വീണ്ടും കരകവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് നേരിയ തോതില്‍ താഴ്‌ന്നെങ്കിലും, ഇന്ന് വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ ഡല്‍ഹിയില്‍ ലഭിച്ചത് 11 മില്ലിമീറ്റര്‍ മഴ. പ്രഗതി മൈതാനത്തിന് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

വിവിധ ഇടങ്ങളില്‍ മഴയെ തുടര്‍ന്ന് റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ദ്വാരകയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നു യുവാക്കള്‍ മരിച്ചു. ഡല്‍ഹിയിലും ഹരിയാനയിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഴയെത്തുടര്‍ന്ന് ചില റോഡുകളില്‍ വെള്ളക്കെട്ടും മരങ്ങള്‍ കടപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയിലെ 5 സോണുകളില്‍ ഇതിനോടകം നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിയാന, ഡല്‍ഹി തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഉത്തരാഖണ്ഡില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.

Top