യമഹയുടെ ജനപ്രിയൻ YZF- R15 V4ന്റെ ഡാർക്ക് നൈറ്റ് എഡിഷൻ എത്തി

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യ ഏറെ ജനപ്രിയ മോഡലായ YZF-R15 V4 മോട്ടോർസൈക്കിൾ പരിഷ്‍കരിച്ചു. ബൈക്കിന് പുതിയ ‘ഡാർക്ക് നൈറ്റ്’ കളർ സ്‍കീം ലഭിക്കുന്നു. ഈ മോഡലിന് 1.82 ലക്ഷം രൂപയാണ് വില. യഥാക്രമം 1.81 ലക്ഷം, 1.82 ലക്ഷം, 1.86 ലക്ഷം രൂപ വിലയുള്ള ചുവപ്പ്, നീല, വെള്ള നിറങ്ങളിലും ഇത് ലഭ്യമാണ്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. യമഹ R15 V4 ഡാർക്ക് നൈറ്റിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

മെക്കാനിക്കലി ഈ പതിപ്പ് സ്റ്റാൻഡേർഡ് ബൈക്കിന് സമാനമാണ്. അതായത് ലിക്വിഡ്-കൂൾഡ്, 155 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നു. ഈ155 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ 18.4 ബിഎച്ച്പി കരുത്തും, 14.2 എൻഎം ടോര്‍ക്കും സൃഷ്‍ടിക്കും. അസിസ്റ്റും സ്ലിപ്പർ ക്ലച്ചുമുള്ള ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. 282എംഎം ഫ്രണ്ട് ഡിസ്‌ക്, 220എംഎം റിയർ ഡിസ്‌ക് ബ്രേക്കുകളിൽ നിന്നാണ് ഇതിന്റെ സ്റ്റോപ്പിംഗ് പവർ ലഭിക്കുന്നത്. യമഹ R15 V4-ന് ഡ്യുവൽ-ചാനൽ ABS (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ലഭിക്കുന്നു. സസ്‌പെൻഷൻ സജ്ജീകരണത്തിൽ ഒരു യുഎസ്‍ഡി ഫോർക്ക് മുന്നിലും മോണോഷോക്ക് പിന്നിലും ഉൾപ്പെടുന്നു.

യമഹ R15 V4 ന്റെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 1990 എംഎം, 725 എംഎം, 1135 എംഎം എന്നിങ്ങനെയാണ്. 1325 എംഎം നീളമുള്ള വീൽബേസിൽ ലഭിക്കുന്ന ഈ ബൈക്കിന് 170 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 815 എംഎം സീറ്റ് ഉയരത്തിലാണ് ബൈക്ക് എത്തുന്നത്. ബൈ-ഫങ്ഷണൽ ഹെഡ്‌ലൈറ്റ്, എൽഇഡി പൊസിഷൻ ലൈറ്റുകൾ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച്, പൂർണ്ണമായി ഡിജിറ്റൽ എൽസിഡി മീറ്റർ കൺസോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, യമഹ വൈ-കണക്‌റ്റ് ആപ്പ് തുടങ്ങിയവ ഇതിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

അതേസമയം യമഹയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ MT-03-നൊപ്പം യമഹ R3-യും ഉടൻ തന്നെ ഇന്ത്യയിൽ തിരികെ കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മോഡലുകളിലും 321 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. അത് 42 പിഎസ് കരുത്തും 29 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. മുന്നിൽ 298 എംഎം ഡിസ്‌കും 202 എംഎം പിൻ ബ്രേക്കുമാണ് ബൈക്കുകൾക്ക് നൽകിയിരിക്കുന്നത്. സസ്‌പെൻഷൻ സജ്ജീകരണത്തിൽ USD ഫോർക്കും ലിങ്ക്ഡ് മോണോഷോക്ക് യൂണിറ്റും ഉൾപ്പെടുന്നു. വരും മാസങ്ങളിൽ MT-03 സ്‌പോർട്‌സ് നേക്കഡ് ബൈക്ക്, MT-07, MT-09 സ്ട്രീറ്റ് നേക്കഡ് ബൈക്കുകളും കമ്പനി പുറത്തിറക്കും. യമഹ MT-07-ൽ 689cc പാരലൽ-ട്വിൻ എഞ്ചിൻ ഉപയോഗിക്കുന്നു, യമഹ MT-09-ന് 890cc ഇൻലൈൻ ട്രിപ്പിൾ-സിലിണ്ടർ മോട്ടോറും ലഭിക്കുന്നു.

Top