യമഹയുടെ റെട്രോ സ്‌റ്റൈല്‍ മോഡല്‍ XSR 155 തായ്‌ലന്‍ഡില്‍ പുറത്തിറക്കി

യുവാക്കളെ ലക്ഷ്യമിട്ടു കൊണ്ട് എന്‍ട്രി ലെവല്‍ റെട്രോ സ്‌റ്റൈല്‍ മോഡലായ XSR 155 യമഹ തായ്‌ലന്‍ഡില്‍ പുറത്തിറക്കി. യമഹ സ്പോര്‍ട്ട് ഹെറിറ്റേജ് റേഞ്ചിലെ ഏറ്റവും ചെറിയ മോഡല്‍ കൂടിയായ XSR155 ന് 91,500 ബാത്താണ് (ഏകദേശം 2.10 ലക്ഷം രൂപ) തായ്‌ലന്‍ഡിലെ വില.

വലിയ XSR700, XSR 900 എന്നിവയുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് XSR 155 മോഡലിന്റെ രൂപഘടന. ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന റെട്രോ രൂപമുള്ള XSR ഡെല്‍റ്റ ബോക്സ് ഫ്രെയ്മിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

റൗഡ് ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, കണ്ണുനീര്‍തുള്ളിയുടെ രൂപത്തിലുള്ള ഫ്യുവല്‍ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, ഉയര്‍ന്ന വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, റൗണ്ട് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവ XSR 155 മോഡലിനെ വ്യത്യസ്തമാക്കും. 2000 എംഎം നീളവും 805 എംഎം വീതിയും 1080 എംഎം ഉയരവും 810 എംഎം സീറ്റ് ഹൈറ്റുമാണ് വാഹനത്തിനുള്ളത്.

155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 19.3 പിഎസ് പവറും 14.7 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ചും വാഹനത്തിലുണ്ട്. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. സുരക്ഷ ഒരുക്കാന്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം അധിക സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും XSR 155 ല്‍ യമഹ നല്‍കിയിട്ടുണ്ട്.

Top