മെറ്റാലിക് റെഡ് കളര്‍ ഓപ്ഷനില്‍ യമഹ ആര്‍15 വി3.0

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ വൈസെഡ്എഫ് ആര്‍15 വി3.0 മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു. മെറ്റാലിക് റെഡ് നിറമാണ് പുതിയ പെയിന്റ് സ്‌കീമായി ബൈക്കിന് ലഭിച്ചിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കളര്‍ വേരിയന്റിന് 1,52,100 രൂപയാണ് ദില്ലി എക്സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേ, ഡാര്‍ക്ക് നൈറ്റ് എന്നീ നിലവിലെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ തുടര്‍ന്നും ലഭിക്കും. യമഹ മോട്ടോര്‍ ഇന്ത്യയുടെ രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും പുതിയ കളര്‍ വേരിയന്റ് ഇപ്പോള്‍ ലഭ്യമാണ്. പുതിയ കളര്‍ സ്‌കീം കൂടാതെ, മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍, സ്റ്റൈലിംഗ് കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

നിലവിലെ അതേ 155 സിസി, ലിക്വിഡ് കൂള്‍ഡ്, 4 സ്ട്രോക്ക്, എസ്ഒഎച്ച്സി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, 4 വാല്‍വ് എന്‍ജിന്‍ തന്നെയാണ് ബൈക്കിന്റെ ഹൃദയം. വേരിയബിള്‍ വാല്‍വ് ആക്ച്വേഷന്‍ (വിവിഎ) സാങ്കേതികവിദ്യ ലഭിച്ച ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 18.3 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 14.1 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്സ് ഘടിപ്പിച്ചു.

എല്‍ഇഡി ഹെഡ്ലാംപുകള്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ സഹിതം എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ് സ്റ്റാന്‍ഡ് കട്ട് ഓഫ് സ്വിച്ച്, ഇരട്ട ഹോണ്‍, ഡുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയവ ഫീച്ചറുകളാണ്. അലുമിനിയം സ്വിംഗ്ആം സഹിതം ഡെല്‍റ്റാബോക്സ് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. മുന്നില്‍ 282 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 220 എംഎം ഡിസ്‌ക്കും ആണ് ബ്രേക്കിംഗ്. കെടിഎം ആര്‍സി 125, ബജാജ് പള്‍സര്‍ ആര്‍എസ്200 തുടങ്ങിയവരോടാണ് ആര്‍15 വി3.0 ഏറ്റുമുട്ടുന്നത്.

 

Top