എംടി 15 ന്റെ വേർഷൻ 2.0 അവതരിപ്പിക്കാനൊരുങ്ങി യമഹ

ഇന്ത്യൻ ഇരുചക്രവാഹനലോകത്ത് യമഹയുടെ ഒരുപരീക്ഷണമായിരുന്നു എംടി 15 (MT 15). പക്ഷേ അത്ഭുതമെന്ന് പറയട്ടെ അതിന്റെ ചെറിയ പ്രൊജക്ടർ ഹെഡ്‌ലൈറ്റും പിറകിലെ ആൾക്ക് ഇരിക്കാൻ അധികമൊന്നും സ്ഥലം നൽകാത്ത ‘സെൽഫിഷ്’ സീറ്റും ഇന്ത്യക്കാർക്ക് അങ്ങ് ബോധിച്ചു. പ്രത്യേകിച്ചും യുവാക്കൾക്ക്. ആദ്യ വേർഷന്റെ ഗംഭീര വിജയത്തിന് പിന്നാലെ എംടി 15 ന്റെ വേർഷൻ 2.0 അവതരിപ്പിക്കാനൊരുങ്ങുകയാണ് യമഹ.

പുതിയ വേർഷന്റെ ബുക്കിങ് ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്.

പുതിയ മോഡലിന് യുഎസ്ഡി (USD- Upside Down) ഫോർക്കുകളായിരിക്കും ഉണ്ടാകുക. ഡ്യുവൽ ചാനൽ എബിഎസും സുരക്ഷയുടെ ഭാഗമായി വാഹനത്തിലുണ്ടാകും. പുതിയ R15 V4.0 ൽ അവതരിപ്പിച്ച ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ മീറ്റർ കൺസോളായിരിക്കും പുതിയ എംടി15 ലുണ്ടാകുക.

അതേസമയം കഴിഞ്ഞ വേർഷനിൽ അവതരിപ്പിച്ച 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും പുതിയ മോഡലിലും ഉണ്ടാകുക. 18.2 ബിഎച്ച്പി പവറും 13.9 എൻഎം ടോർക്കുമുണ്ടാക്കാൻ ഈ എഞ്ചിന് സാധിക്കും. കഴിഞ്ഞ മോഡലിൽ ഏറ്റവും കൂടുതൽ പഴികേട്ട പിറക് സീറ്റിലെ സ്ഥലക്കുറവ് ഈ മോഡലിൽ പരിഹരിക്കുമോ എന്നത് വ്യക്തമല്ല. വില പിടിച്ചുനിർത്താൻ വേണ്ടി ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ പോലെയുള്ള ഫീച്ചറുകൾ പുതിയ മോഡലിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. ഏപ്രിൽ 11 ന് വാഹനം പുറത്തിറക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

Top